LiveTV

Live

National

ശാഹീന്‍ബാഗ് പ്രക്ഷോഭകര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിയ സിഖുകാരന്‍ ഡല്‍ഹി കലാപ കേസിന്റെ എഫ്.ഐ.ആറില്‍

ഡല്‍ഹി കലാപത്തിനിടെ കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലാണ് ഡി.എസ് ബിന്ദ്രയുടെ പേരും എഫ്.ഐ.ആറില്‍ ചേര്‍ത്തിരിക്കുന്നത്...

ശാഹീന്‍ബാഗ് പ്രക്ഷോഭകര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിയ സിഖുകാരന്‍ ഡല്‍ഹി കലാപ കേസിന്റെ എഫ്.ഐ.ആറില്‍

ശാഹീന്‍ബാഗിലെ പ്രക്ഷോഭകര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിയ സിഖുകാരന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസിന്റെ എഫ്.ഐ.ആറില്‍. ഡി.എസ് ബിന്ദ്രയെയാണ് ഡല്‍ഹി കലാപുമായി ബന്ധപ്പെട്ട കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി കലാപത്തിനിടെ കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലാണ് ഡി.എസ് ബിന്ദ്രയുടെ പേരും എഫ്.ഐ.ആറില്‍ ചേര്‍ത്തത്.

ഡല്‍ഹിയിലെ അഭിഭാഷകനായ ബിന്ദ്ര ശാഹീന്‍ബാഗ് പ്രക്ഷോഭകര്‍ക്ക് ദിവസങ്ങളോളം സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്നു. ഇതിനായി തന്റെ പേരിലുള്ള ഒരു ഫ്‌ളാറ്റ് ഇയാള്‍ വില്‍ക്കുകയായിരുന്നു. രണ്ട് ഫ്‌ളാറ്റുകളും ഒരു വീടുമാണ് ബിന്ദ്രക്കുണ്ടായിരുന്നത്. ചാന്ദ്ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ബിന്ദ്രയുടെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്തിരുന്നു.

''സൗജന്യ ഭക്ഷണം വിതരണം ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്. എന്റെ വിശ്വാസവും ഗുരുക്കളും പഠിപ്പിച്ച കാര്യങ്ങളാണ് ചെയ്തത്. എന്തുകൊണ്ടാണ് എന്നെ ലക്ഷ്യം വെക്കുന്നതെന്ന് മനസിലാകുന്നില്ല''
ഡി.എസ് ബിന്ദ്ര

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രത്തിലാണ് ഡി.എസ് ബിന്ദ്രയുടെ പേരും ഡല്‍ഹി പൊലീസ് ചേര്‍ത്തിരിക്കുന്നത്. കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ പേര് പറയുന്നുണ്ടെങ്കിലും 17 പ്രതികളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ല. എന്നിട്ടും തീവ്ര വലതുപക്ഷ വെബ് സൈറ്റായ Opindiaയുടെ റിപ്പോര്‍ട്ട് ബിന്ദ്രയുടെ ഡല്‍ഹി കലാപുമായുള്ള ബന്ധത്തെക്കുറിച്ചാണ് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം Opindia പ്രതിനിധികള്‍ തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായിട്ടുപോലുമില്ലെന്ന് ഡി.എസ് ബിന്ദ്ര പറയുന്നു.

പ്രാദേശിക കലാപകാരികള്‍ക്കൊപ്പം ചേര്‍ന്ന് കലാപത്തിന് ആസൂത്രണം ചെയ്തുവെന്നാണ് ബിന്ദ്രക്കെതിരായ പ്രധാന കുറ്റമായി ഡല്‍ഹി പൊലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്. പൊലീസ് കോണ്‍സ്റ്റബിള്‍മാരായ സുനില്‍, ഗ്യാന്‍ സിംഗ് എന്നിവരുടെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ബിന്ദ്രയേയും മറ്റുള്ളവരേയും കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ശാഹിന്‍ബാഗ് പ്രക്ഷോഭം നടന്നിരുന്ന പ്രദേശത്തെ ബീറ്റ് ഓഫീസര്‍മാരായിരുന്നു ഇവര്‍.

പ്രതിഷേധത്തിനായി ടെന്റ് സംഘടിപ്പിക്കാന്‍ ബിന്ദ്ര പറഞ്ഞെന്ന് അക്രം അഹ്മദ് എന്നയാളും സാമൂഹ്യ അടുക്കള ഒരുക്കാന്‍ ബിന്ദ്ര ആവശ്യപ്പെട്ടെന്ന് ദുഷ്യന്ത് കിഷോര്‍ എന്നയാളും മൊഴി നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്. നാജിം ഉള്‍ ഹസന്‍, തൗകിര്‍, സല്‍മാന്‍ എന്നിവരും ബിന്ദ്രക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്ന് കുറ്റപത്രം പറയുന്നു.

''സി.എ.എ വിരുദ്ധ സമരം സംഘടിപ്പിക്കാന്‍ പ്രദേശവാസികളോട് ഡി.എച്ച് ബിന്ദ്ര ആവശ്യപ്പെട്ടു. മെഡിക്കല്‍ ക്യാമ്പും സമൂഹ അടുക്കളയും താന്‍ ഒരുക്കാമെന്നും സിഖ് സമൂഹം നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ബിന്ദ്ര പറഞ്ഞു. നിങ്ങള്‍ പ്രതിഷേധിക്കാന്‍ തയ്യാറായില്ലെങ്കില്‍ 1984ലെ സിഖ് സമൂഹത്തിന്റെ അവസ്ഥയാണ് നിങ്ങള്‍ക്കുണ്ടാവുകയെന്നും ബിന്ദ്ര പറഞ്ഞു''
നജീം ഉള്‍ ഹസന്റെ സാക്ഷിമൊഴി