LiveTV

Live

National

മോദിയുടെ മണ്ഡലത്തിലെ പട്ടിണി ദുരിതം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകക്ക് എതിരെ കേസ്

ലോക്ക് ഡൗണ്‍ സമയത്ത് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി പട്ടിണിയിലായിരുന്നെന്ന വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നതായി സ്ക്രോള്‍ വ്യക്തമാക്കി

മോദിയുടെ മണ്ഡലത്തിലെ പട്ടിണി ദുരിതം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകക്ക് എതിരെ കേസ്

കോവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൌണില്‍ പ്രധാനമന്ത്രി മോദിയുടെ മണ്ഡലം പട്ടിണിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത സ്‍‍ക്രോള്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‍ക്രോള്‍ എക്സിക്യൂട്ടീവ് എ‍‍ഡിറ്റര്‍ സുപ്രിയ ശര്‍മ്മക്കെതിരെയാണ് പട്ടികജാതി/ പട്ടികവര്‍ഗ അതിക്രമം തടയൽ സെക്ഷന്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ‍ജൂണ്‍ 13ന് വാരണാസിയിലെ റാം പൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ സുപ്രിയ ശര്‍മ്മക്കെതിരെ ഐ.പി.സി സെക്ഷന്‍ 501, 269 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ക്രോള്‍ എഡിറ്റര്‍ ഇന്‍ ചീഫിനെയും എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നുണ്ട്.

വാരാണാസിയിലെ ഡൊമാരി ജില്ലയില്‍ നിന്നുള്ള മാലാ ദേവിയാണ് രേഖകള്‍ പ്രകാരം പരാതിക്കാരി. ലോക്ക് ഡൗണ്‍ കാരണമുള്ള ആഘാതത്തെ ആസ്പദമാക്കി സുപ്രിയ ശര്‍മ്മ ചെയ്ത വാര്‍ത്തയില്‍ മാലാ ദേവി അവരുടെ ജോലിയും അനുഭവങ്ങളും പറഞ്ഞിരുന്നു. ഡൊമാരി ജില്ല പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പ്രകാരം ഏറ്റെടുത്തതാണ്. ലോക്ക് ഡൗണ്‍ കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്നതായും റേഷന്‍ കാര്‍ഡ് ഇല്ലായെന്നും മാലാ ദേവി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മാലാദേവിയുടെ പുതിയ പരാതി പ്രകാരം സുപ്രിയ ശര്‍മ്മ അവരുടെ പ്രതികരണവും വ്യക്തിത്വവും മോശം രീതിയില്‍ വാര്‍ത്തയില്‍ കാണിച്ചതായി പരാതിപ്പെടുന്നു. വാര്‍ത്തയില്‍ പറയും പോലെ താന്‍ വീട്ടുജോലിക്കാരിയല്ലെന്നും പക്ഷെ വാരണാസി മുന്‍സിപാലിറ്റിയില്‍ ശുചീകരണ ജോലി ചെയ്തിരുന്നതായും മാലാദേവി പരാതിയില്‍ അവകാശപ്പെട്ടു.

ലോക്ക് ഡൗണ്‍ കാലത്ത് തനിക്കോ കുടുംബത്തിനോ ഒരു പ്രശ്നവും നേരിടേണ്ടിവന്നിട്ടില്ലെന്നും എഫ്.ഐ.ആറില്‍ മാലാദേവിയെ പരാമര്‍ശിച്ച് പറയുന്നു. താനും കുട്ടികളും പട്ടിണിയിലാണെന്ന് പറഞ്ഞതിലൂടെ സുപ്രിയ തന്‍റെ ദാരിദ്രത്തെയും ജാതിയെയും അപമാനിച്ചതായും മാലാ ദേവി പരാതിയില്‍ പറയുന്നു.

അതെ സമയം വിഷയത്തില്‍ പ്രതികരിച്ച് സ്ക്രോള്‍ ഔദ്യോഗികമായി തന്നെ രംഗത്തുവന്നു. ലോക്ക് ഡൗണ്‍ സമയത്ത് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി പട്ടിണിയിലായിരുന്നെന്ന വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നതായും റിപ്പോര്‍ട്ടര്‍ക്ക് എതിരായ കേസ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണെന്നും കടന്നുകയറ്റമാണെന്നും വ്യക്തമാക്കി.