LiveTV

Live

National

ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിൽ, മണിപ്പൂരില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിങ് മന്ത്രിസഭ രൂപീകരണത്തിനായി അവകാശം ഉന്നയിച്ചു

ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിൽ, മണിപ്പൂരില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍

മണിപ്പൂരിൽ ബി.ജെ.പി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിൽ. ഏത് സമയവും ബി.ജെ.പി സർക്കാർ നിലം പൊത്തുമെന്ന അവസ്ഥയായി. സഖ്യകക്ഷിയായ നാഷണൽ പീപ്പീൾസ് പാർട്ടിയിലെ മൂന്ന് മന്ത്രിമാരുൾപ്പെടെ നാല് എം.എൽ.എമാരും ഒരു തൃണമൂൽ എം.എൽ.എയും ഒരു സ്വതന്ത്രനും സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഇതോടെ എൻ.ബിരോൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ന്യൂനപക്ഷമായി മാറി. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിങ് മന്ത്രിസഭ രൂപീകരണത്തിനായി അവകാശം ഉന്നയിച്ചു.

60 അംഗ നിയമസഭയിൽ 18 സീറ്റ് നേടിയ ബി.ജെ.പി മറ്റ് പാർട്ടികളുടെ പിന്തുണയോടെയാണ് ഭരണം പിടിച്ചത്. ഭരണ മുന്നണി വിട്ടുവന്നരെ ചേർത്ത് സഖ്യം ഉണ്ടാക്കുമെന്നും ഇന്ന് ഗവർണറെ കാണുമെന്നും പ്രതിപക്ഷ നേതാവ് ഇബോബി സിംങ് അറിയിച്ചു.

നേരത്തെ മണിപ്പുർ ഹൈക്കോടതി കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന 7 എം.എൽ.എമാരെ നിയമസഭയിൽ പ്രവേശിക്കുന്നതിൽ നിന്നു വിലക്കിയിരുന്നു. ഇവർക്ക് നാളെ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ സാധിക്കില്ല.

അതിനു മുൻപ് കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന ശ്യാംകുമാർ സിങ്ങിനെ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു. നിലവിലെ കണക്കു പ്രകാരം മണിപ്പുർ നിയമസഭയുടെ അംഗബലം 49 ആണ്. കേവല ഭൂരിപക്ഷത്തിന് 25 പേരുടെ പിന്തുണവേണം. പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള കോൺഗ്രസ് നീക്കത്തിനു 26 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.