LiveTV

Live

National

മണിപ്പൂരില്‍ ബിജെപിയെ വെട്ടിലാക്കി 3 എംഎല്‍എമാര്‍ രാജിവെച്ചു: കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും

നാല് എൻപിപി എംഎൽഎമാരും ഒരു തൃണമൂൽ കോൺഗ്രസ്‌ എംഎൽഎയും രണ്ട് സ്വതന്ത്ര എംഎൽഎമാരും ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചു.

മണിപ്പൂരില്‍ ബിജെപിയെ വെട്ടിലാക്കി 3 എംഎല്‍എമാര്‍ രാജിവെച്ചു: കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും

മണിപ്പൂരിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ താഴെ വീണേക്കും. മൂന്ന് ബിജെപി എംഎൽഎമാർ രാജി വെച്ചു. നാല് എൻപിപി എംഎൽഎമാരും ഒരു തൃണമൂൽ കോൺഗ്രസ്‌ എംഎൽഎയും രണ്ട് സ്വതന്ത്ര എംഎൽഎമാരും ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഓ ഇബോബി സിംഗ് സർക്കാർ ഉണ്ടാക്കാനുളള അവകാശവാദം ഉന്നയിക്കും. 60 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോൺഗ്രസിന് 28 എംഎൽഎമാരുണ്ട്.

എസ്.സുഭാഷ് ചന്ദ്ര സിംഗ്, ടി.ടി. ഹവോകിപ്, സാമുവൽ ജെന്റായി എന്നീ ബിജെപി എം.എൽ.എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സഖ്യകക്ഷിയായ എൻ.പി.പിയുടെ മന്ത്രിമാർ കൂടിയായ വൈ. ജോയ്‌കുമാർ സിംഗ്, എൻ. കയിസ്, എൽ. ജയന്തകുമാർ സിംഗ്, ലെറ്റ്പാലോ ഹലോകിപ് എന്നിവർ മന്ത്രിസ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു. ഇതിൽ വൈ ജോയ് കുമാർ ഉപമുഖ്യമന്ത്രിയാണ്. ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിന്റെ ടി.റോബിന്ദ്രോ സിംഗും സ്വതന്ത്ര എം.എൽ.എ ഷഹാബുദ്ധീനും ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. അംഗബലം 30 ആയി കുറഞ്ഞതിനാൽ മണിപ്പൂരിൽ ബിരേൻസിംഗ് സർക്കാരിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.

2017ൽ നടന്ന തെരഞ്ഞെടുപ്പിൽ 28 എം.എൽ.എമാരുമായി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ 21 സീറ്റ് നേടിയ ബിജെപി, എൻ.പി.പി, എൻ.പി.എഫ്​, എൽ.ജി.പി തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു. മണിപ്പൂരിലേത് 60 അംഗ നിയമസഭയാണ്.