LiveTV

Live

National

സൈനികരുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ല: രാജ്നാഥ് സിങ്

ഈ വിഷമഘട്ടത്തില്‍ രാജ്യം സൈനികര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് പ്രതിരോധമന്ത്രി

സൈനികരുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ല: രാജ്നാഥ് സിങ്

ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി സേനാ മേധാവിമാരുടെ യോഗം വിളിച്ചു. സംയുക്ത സേനാ മേധാവിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജീവന്‍ ത്യജിച്ച സൈനികരെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

ഗാല്‍വന്‍ താഴ്‍വരയിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ സൈനികര്‍ വീരമൃത്യു വരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതിരോധമന്ത്രി സേനാമേധാവിമാരുടെ യോഗം വിളിച്ചത്. കരസേനാ മേധാവി എം.എം നരവനെ, വ്യോമസേനാ മേധാവി ആര്‍കെ സിംഗ് ബധുവാരിയ, നാവികസേനാ മേധാവി കരംബീര്‍ സിങ് എന്നിവര്‍ക്കൊപ്പം സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തു.

സൈനികരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ല. സൈനികരെ നഷ്ടമായത് വേദനാജനകമായ കാര്യമാണ്. ഈ വിഷമഘട്ടത്തില്‍ രാജ്യം സൈനികര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

അതേസമയം അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി മൌനം വെടിയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്തിനാണ് മോദി ഒളിച്ചിരിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു.

ഇന്ത്യയുടേയും ചൈനയുടേയും വിശദീകരണങ്ങള്‍ ശ്രദ്ധിക്കുകയാണെന്ന് അറിയിച്ച ഐക്യരാഷ്ട്രസഭ സംയമനം പാലിക്കാന്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനും അഭ്യര്‍ഥിച്ചു. സംഭവം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക പ്രതികരിച്ചു. ഇന്ത്യന്‍ ജവാന്‍മാരുടെ വീരമൃത്യുവില്‍ അമേരിക്ക അനുശോചനം അറിയിച്ചു.