LiveTV

Live

National

കുഴപ്പം സർക്കാറിന്റേതല്ല, സൈന്യത്തിന്റേത്; ആജ് തക് മാധ്യമപ്രവർത്തകയുടെ റിപ്പോർട്ടിങ് വിവാദമാവുന്നു

സൈന്യത്തെ കുറ്റപ്പെടുത്തുന്ന ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ റിപ്പോർട്ടിങ്ങിന്റെ പൂർണഭാഗം ശ്വേത സിങ് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തെങ്കിലും, ഇതിലും വിവാദ പരാമർശമുണ്ട്.

കുഴപ്പം സർക്കാറിന്റേതല്ല, സൈന്യത്തിന്റേത്; ആജ് തക് മാധ്യമപ്രവർത്തകയുടെ റിപ്പോർട്ടിങ് വിവാദമാവുന്നു

ചൈനീസ് സൈന്യം 20 ജവാന്മാരെ കൊലപ്പെടുത്തിയതിനു പിന്നാലെ, ഇന്ത്യൻ സൈന്യത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഹിന്ദി ചാനൽ 'ആജ് തക്' മാധ്യമപ്രവർത്ത ശ്വേത സിങ്ങിന്റെ പ്രസ്താവന വിവാദമാവുന്നു. ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ കടന്നുകയറിയതിന് ഉത്തരവാദി ഇന്ത്യൻ സൈന്യമാണെന്നും കേന്ദ്ര സർക്കാറിന് ഇതിൽ ഉത്തരവാദിത്തമാണെന്നുമുള്ള പരാമർശമാണ് ആജ് തക് സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്റർ ശ്വേത സിങ് ന്യൂഡൽഹിയിൽ നിന്നുള്ള ലൈവ് റിപ്പോർട്ടിങ്ങിനിടെ നടത്തിയത്.

സൈന്യത്തെ കുറ്റപ്പെടുത്തുന്ന ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ റിപ്പോർട്ടിങ്ങിന്റെ പൂർണഭാഗം ശ്വേത സിങ് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തെങ്കിലും, ഇതിലും വിവാദ പരാമർശമുണ്ട്.

'നമ്മൾ ഉറങ്ങുമ്പോഴാണ് ചൈനീസ് സൈന്യം നമ്മുടെ ഭൂമിയിൽ വന്നത്. ഇതിന്റെ ഉത്തരവാദിത്തം സർക്കാറിനല്ല. സൈന്യമാണ് അതിന് മറുപടി നൽകേണ്ടത്. പട്രോളിങ് ഡ്യൂട്ടി സർക്കാറിനല്ല, സൈന്യത്തിനാണ്. നമ്മുടെ രാജ്യത്ത് സൈന്യത്തിനും അർധസൈനിക വിഭാഗത്തിനും, രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കേണ്ടതില്ലെന്ന സ്വാതന്ത്ര്യമുണ്ട്. ചൈനീസ് സൈന്യം ഇന്ത്യയിൽ പ്രവേശിച്ചെങ്കിൽ അതിന്റെ ഉത്തരവാദിത്തം സൈന്യത്തിനു തന്നെയാണ്.'
ശ്വേത സിങ് പറയുന്നു

സൈന്യത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ശ്വേതയുടെ റിപ്പോർട്ടിങ്ങിനെതിരെ ശക്തമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

നേരത്തെ, നരേന്ദ്ര മോദി സർക്കാർ നോട്ട്‌നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ ശ്വേത സിങ് സഹപ്രവർത്തകരുമായി നടത്തിയ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. നാനോ ചിപ്പുകൾ ഘടിപ്പിച്ച 2000 നോട്ടുകളാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുള്ളതെന്നും ഇവ അനധികൃതമായി ഒരു സ്ഥലത്ത് സൂക്ഷിച്ചുവെച്ചാൽ സാറ്റലൈറ്റ് ഉപയോഗിച്ച് കണ്ടെത്താനാവുമെന്നും ശ്വേത സിങ് സഹപ്രവർത്തകർക്ക് വിശദീകരിച്ചു നൽകുന്നതാണ് വീഡിയോയിലുള്ളത്.