LiveTV

Live

National

കോവിഡ്; ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു

ഡല്‍ഹിയിലെ ആശുപത്രികളില്‍ നിലവിലുള്ള മോര്‍ച്ചറികളുടെ ശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്

കോവിഡ്; ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാര്‍. കോവിഡിനെ നേരിടാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സർവകക്ഷി യോഗത്തിൽ പറഞ്ഞു.

ഡൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷായാണ് നേതൃത്വം നൽകുന്നത്. ഇന്നലെ ലഫ്. ഗവർണർ, മുഖ്യമന്ത്രി, മേയർമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് സർവകക്ഷി യോഗം വിളിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിൽക്കണം. അത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.

പരിശോധന തുക 50 ശതമാനം കുറയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. രോഗബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക് പതിനായിരം രൂപ വീതം നല്‍കണമെനായിരുന്നു കോണ്‍ഗ്രസ് ആവശ്യം. 450 രൂപ ചെലവ് വരുന്ന പരിശോധന ഉടന്‍ ലഭ്യമാകുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

യോഗ ശേഷം ഏറെ പരാതികൾ ഉയർന്ന കോവിഡ് ആശുപത്രിയായ എല്‍.എന്‍.ജെ.പി അമിത് ഷാ സന്ദർശിച്ചു. ഡല്‍ഹിയിലെ ആശുപത്രികളില്‍ നിലവിലുള്ള മോര്‍ച്ചറികളുടെ ശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പരിശോധനാ ശേഷി വര്‍ധിപ്പിക്കണമെന്നും ഫലങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും ലാബുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 500 ഐസലേഷന്‍ കോച്ചുകള്‍ ഡല്‍ഹിക്ക് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.