LiveTV

Live

National

കോവിഡ് ബാധിച്ച് തമിഴ്‍നാട്ടില്‍ ഇന്നലെ മാത്രം മരിച്ചത് 38 പേര്‍

സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണ സംഖ്യയാണിത്.

കോവിഡ് ബാധിച്ച് തമിഴ്‍നാട്ടില്‍ ഇന്നലെ മാത്രം മരിച്ചത് 38 പേര്‍

തമിഴ്‍നാട്ടില്‍ കോവിഡ് ബാധിച്ച് ഇന്നലെ 38 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണ സംഖ്യയാണിത്. ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം ആറായിരവും കര്‍ണാടകയില്‍ ഏഴായിരവും കടന്നു. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് തമിഴ്‍നാട്ടിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം. മൂന്ന് ദിവസമായി ഇത് 1900ത്തിന് മുകളിലെത്തി.

435 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തത്. 44661 ആണ് രോഗബാധിതരുടെ എണ്ണം. ഇതില്‍ 31896 രോഗികളും 347 മരണവും ചെന്നൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. അതിന് മുമ്പായി, കോവിഡ് പ്രതിരോധ വിദഗ്ധ സമിതി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ലോക്‍ഡൌണ്‍ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും.

കര്‍ണാടകയില്‍ അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 86 ആയി. 176 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 7000 ആയി. ആന്ധ്രാപ്രദേശില്‍ രോഗബാധിതര്‍ ആറായിരം കടന്നു. രണ്ട് പേര്‍ കൂടി മരിച്ചു. മരണസംഖ്യ 84 ആയി. 284 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 6152 ആണ്. തെലങ്കാനയില്‍ മൂന്ന് മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 185. 237 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 4974 ആയി. പുതുച്ചേരിയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മരണസംഖ്യ നാലായി. 18 പേർക്ക് കൂടി രോഗം കണ്ടെത്തി. രോഗബാധിതർ 194 ആണ്.