LiveTV

Live

National

രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച വിദ്യാര്‍ഥിനിക്ക് ജാമ്യം

ഫെബ്രുവരിയിൽ ബംഗളൂരുവിൽ നടന്ന സി‌എ‌എ വിരുദ്ധ പരിപാടിയിൽ ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് 19 വയസ്സുകാരിയായ അമൂല്യയെ അറസ്റ്റ് ചെയ്തത്

രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച വിദ്യാര്‍ഥിനിക്ക് ജാമ്യം

ബംഗളൂരുവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥിനി അമൂല്യ ലിയോണക്ക് ജാമ്യം. അഞ്ചാം എസിഎംഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. അമൂല്യ ഇന്ന് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങും.

ഈ ബുധനാഴ്ച സെഷൻസ് കോടതി അമൂല്യയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ജാമ്യം നല്‍കിയാല്‍ അമൂല്യ കടന്നുകളയുമെന്നും സമാന കുറ്റങ്ങള്‍ ആവര്‍ത്തിക്കുമെന്നുമുള്ള വാദം പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. മജിസ്റ്റീരിയല്‍ കോടതിയെ സമീപിച്ചതോടെയാണ് ജാമ്യം ലഭിച്ചത്.

ഫെബ്രുവരിയിൽ ബംഗളൂരുവിൽ നടന്ന സി‌എ‌എ വിരുദ്ധ പരിപാടിയിൽ ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് 19 വയസ്സുകാരിയായ അമൂല്യയെ അറസ്റ്റ് ചെയ്തത്. എ‌ഐ‌എംഐ‌എം നേതാവ് അസദുദ്ദീൻ ഉവൈസി പങ്കെടുത്ത പരിപാടിയിലാണ് അമൂല്യ ഈ മുദ്രാവാക്യം വിളിച്ചത്. മൂന്നു തവണ മുദ്രാവാക്യം ആവര്‍ത്തിച്ച പെണ്‍കുട്ടി സദസ്സിലുള്ളവരോട് ഏറ്റുവിളിക്കാനും ആവശ്യപ്പെട്ടു. ഉവൈസി അടക്കമുള്ളവര്‍ അമൂല്യയെ തടയുകയും മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു.

വിദ്യാര്‍ഥിനിയുടെ നിലപാടിനോട് ഒരു നിലക്കും യോജിക്കാനാവില്ലെന്നും ഇങ്ങനെയുള്ളവര്‍ പരിപാടിയില്‍ ഉണ്ടാവുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ വരില്ലായിരുന്നുവെന്നും ഉവൈസി വ്യക്തമാക്കുകയുണ്ടായി. ശത്രുരാജ്യത്തെ പിന്തുണക്കുന്ന ഒന്നിനെയും അംഗീകരിക്കാനാവില്ല. ഇന്ത്യയെ സംരക്ഷിക്കാനാണ് നമ്മുടെ പോരാട്ടമെന്നും അദ്ദേഹം പറയുകയുണ്ടായി.

വിവിധ കോടതികളിലായി അമൂല്യക്കെതിരെ നിരവധി ഹരജികളെത്തി. സെഷന്‍സ് കോടതിയിലെത്തിയ ജാമ്യാപേക്ഷ പരിഗണിക്കാന്‍ വൈകിയതോടെ അമൂല്യയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് വീണ്ടും സെഷന്‍സ് കോടതിയെ തന്നെ സമീപിച്ചത്. അറസ്റ്റിലായി നാല് മാസമാകാറായപ്പോഴാണ് ജാമ്യം ലഭിച്ചത്.