LiveTV

Live

National

രാജസ്ഥാനിൽ കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം;എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

കോൺഗ്രസിനു ഒപ്പമുള്ള സ്വാതന്ത്രരെ പണം നൽകി ഒപ്പം ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന

രാജസ്ഥാനിൽ കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം;എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

രാജസ്ഥാനിൽ കുതിര കച്ചവടം നടത്താനുള്ള നീക്കമാണ് ബി.ജെ.പിയുടെതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. എം.എല്‍.എമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന സൂചനയെ തുടർന്ന് എല്ലാവരെയും റിസോർട്ടിലേക്ക് മാറ്റി. ജൂൺ 19 ന് നടക്കുന്ന രാജ്യസഭ തെരെഞ്ഞെടുപ്പിനു മുൻപേ രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസ്‌ ആരോപണം.

രണ്ട് മാസം മുൻപ് നടക്കേണ്ടിയിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് നീട്ടി വെച്ചത് ബി.ജെ.പിയുടെ കുതിര കച്ചവടത്തിന് വേണ്ടിയായിരുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. ഗുജറാത്തിലും രാജസ്ഥാനിലും എം.എൽ.എമാരെ പണം നൽകി സ്വാധീനിക്കാൻ ബി.ജെ.പി ശ്രമം തുടരുകയാണ്. പലർക്കും 25 കോടി രൂപ വരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിനൊപ്പമുള്ള 12 സ്വാതന്ത്ര എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചു എന്ന സൂചന ലഭിച്ചതോടെ മുഴുവൻ ഭരണ കക്ഷി എം. എൽ.എമാരെയും റിസോർട്ടിലേക്ക് മാറ്റി. ഡൽഹി ജയ്‌പൂർ ദേശീയ പാതയിലുള്ള റിസോർട്ടിലേക്കാണ് ഇവരെ മാറ്റിയത്. നിയമസഭ ചീഫ് വിപ്പ് അശോക് ജോഷി ഇന്നലെ അഴിമതി വിരുദ്ധ സേനയോട് വിഷയം അന്വേഷിക്കാൻ ആവശ്യപ്പെട്ടു. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്തു മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റ് അടക്കമുള്ള മുതിർന്ന നേതാക്കൾ അടിയന്തിര യോഗം ചേർന്നു. ജൂൺ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന ആശങ്ക നേതാക്കൾക്കുണ്ട്. രാജസ്ഥാനിൽ നിന്ന് ഒഴിവ് വന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിൽ കോൺഗ്രസിനു നിലവിലെ സാഹചര്യത്തിൽ ജയിക്കാം.

സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജേവാല എന്നിവരാണ് കോൺഗ്രസിന്‍റെ സ്ഥാനാർഥികൾ. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ കോൺഗ്രസ്‌ എം.എൽ.എമാർ മറുകണ്ടം ചാടാതിരിക്കാൻ രാജസ്ഥാനിൽ എത്തിച്ചതിനു പിന്നാലെയാണ് പുതിയ പ്രശ്നങ്ങൾ.