LiveTV

Live

National

ഡല്‍ഹിയിലെ ആശുപത്രിയില്‍ കോവിഡ് രോഗികളുടെ കുറഞ്ഞ ബില്‍ മൂന്ന് ലക്ഷമെന്ന് സര്‍ക്കുലര്‍

വാര്‍ഡിലേക്ക് പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികള്‍ക്കാണ് നാല് ലക്ഷം രൂപ മുന്‍കൂറായി നല്‍കേണ്ടത്. റൂമാണെങ്കില്‍ ഇത് അഞ്ച് ലക്ഷമായും ഐ.സി.യുവാണെങ്കില്‍ എട്ട് ലക്ഷമായും കുതിക്കും...

ഡല്‍ഹിയിലെ ആശുപത്രിയില്‍ കോവിഡ് രോഗികളുടെ കുറഞ്ഞ ബില്‍ മൂന്ന് ലക്ഷമെന്ന് സര്‍ക്കുലര്‍

കോവിഡിന് ചികിത്സ തേടുന്ന രോഗികളില്‍ നിന്നും ലക്ഷങ്ങള്‍ ഈടാക്കാന്‍ നിര്‍ദേശിച്ച് ആശുപത്രി സര്‍ക്കുലര്‍. കോവിഡ് ചികിത്സക്ക് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള സരോജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാണ് ലക്ഷങ്ങളുടെ ബില്‍ ചികിത്സക്ക് ചുമത്തുമെന്ന വിവരം സര്‍ക്കുലറിലൂടെ അറിയിച്ചിരിക്കുന്നത്. കോവിഡ് ചികിത്സക്ക് സരോജ് ആശുപത്രിയിലെത്തുന്നവരില്‍ നിന്നും കുറഞ്ഞത് മൂന്ന് ലക്ഷം രൂപ ബില്ല് ചുമത്തുമെന്നും കുറഞ്ഞത് നാല് ലക്ഷം മുന്‍കൂറായി നല്‍കണമെന്നുമാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്.

സരോജ് സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ ജൂണ്‍ നാലിന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ വിവരങ്ങളുള്ളത്. കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗിയില്‍ നിന്നും എത്ര ദിവസം ആശുപത്രിയില്‍ കിടന്നാലും കുറഞ്ഞത് മൂന്ന് ലക്ഷം രൂപ ഈടാക്കുമെന്ന് സര്‍ക്കുലര്‍ പറയുന്നു. വിവിധ പാക്കേജുകളുടെ വിശദാംശങ്ങളും ഇതിലുണ്ട്.

സരോജ് ആശുപത്രിയുടെ വിവാദ സര്‍ക്കുലര്‍
സരോജ് ആശുപത്രിയുടെ വിവാദ സര്‍ക്കുലര്‍

രണ്ടോ മൂന്നോ കിടക്കകളുള്ള വാര്‍ഡ് തെരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് പ്രതിദിനം 40,000 രൂപയാണ് നല്‍കേണ്ടി വരിക. ഒരു കിടക്ക മാത്രമുള്ള റൂമിലാണെങ്കില്‍ ഇത് അരലക്ഷമായി മാറും. ഇനി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നാല്‍ പ്രതിദിനം 75,000 രൂപയായിരിക്കും ഈടാക്കുക. വെന്റിലേറ്റര്‍ സൗകര്യത്തോട് കൂടിയ തീവ്രപരിചരണ വിഭാഗത്തില്‍ പ്രതിദിനം ഒരു ലക്ഷം രൂപയാണ് ഈടാക്കുക.

മൂന്ന് കിടക്കകള്‍ വരെയുള്ള വാര്‍ഡിലേക്ക് പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികള്‍ക്കാണ് നാല് ലക്ഷം രൂപ മുന്‍കൂറായി നല്‍കേണ്ടത്. റൂമാണെങ്കില്‍ ഇത് അഞ്ച് ലക്ഷമായും ഐ.സി.യുവാണെങ്കില്‍ എട്ട് ലക്ഷമായും മുന്‍കൂര്‍ അടക്കേണ്ട തുക കുതിച്ചുയരും. ഭക്ഷണം, ഡോക്ടര്‍- നേഴ്‌സ് ഫീസ്, മരുന്ന്, മറ്റുചിലവുകള്‍ എന്നിവ ചേര്‍ത്തുള്ള തുകയാണിതെന്നും സര്‍ക്കുലര്‍ പറയുന്നു.

വലിയ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ സര്‍ക്കുലര്‍ ചര്‍ച്ചയായതോടെ വിശദീകരണവുമായി സരോജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ എത്തിയിട്ടുണ്ട്. ഇത് പഴയ സര്‍ക്കുലറാണെന്നും പ്രതിദിനം 1900 രൂപ മുതലുള്ള പാക്കേജുകള്‍ തങ്ങള്‍ക്കുണ്ടെന്നുമാണ് ആശുപത്രിയിലുണ്ടെന്നുമാണ് വിശദീകരണം.

ജൂണ്‍ ആറിന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോവിഡ് ചികിത്സയുടെ മറവില്‍ അമിത തുക ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികളോട് ഡല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ മുതലാണ് ഡല്‍ഹിയിലെ വിവാദമായ സരോജ് സൂപ്പര്‍സ്‌പെഷ്യാലിറ്റി അടക്കമുള്ള സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ ആരംഭിച്ചത്.