LiveTV

Live

National

ദിവസങ്ങള്‍ക്കിടെ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു, സഹായിക്കണമെന്ന് ഡല്‍ഹി മാധ്യമപ്രവര്‍ത്തകന്‍

പത്തു ദിവസങ്ങള്‍ക്ക് ആദ്യം ഭാര്യാ പിതാവിനേയും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യാ മാതാവിനേയും തങ്ങള്‍ക്ക് കോവിഡ് മൂലം നഷ്ടമായെന്ന് അജയ് പറയുന്നു...

ദിവസങ്ങള്‍ക്കിടെ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു, സഹായിക്കണമെന്ന് ഡല്‍ഹി മാധ്യമപ്രവര്‍ത്തകന്‍

തലസ്ഥാനമായ ഡല്‍ഹിയിലെ കോവിഡ് രോഗ വ്യാപനം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നുവെന്നതിന്റെ കൂടുതല്‍ സൂചനകള്‍ പുറത്ത്. കുടുംബത്തിനാകെ കോവിഡ് ബാധിച്ച് ബുദ്ധിമുട്ടിലായ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകന്‍ അജയ് ഝാ സഹായത്തിന് അപേക്ഷിക്കുന്ന വീഡിയോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവെച്ചു. അജയുടെ കുടുംബത്തിലെ രണ്ട് പേരാണ് പത്തു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.

സ്വന്തം കുടുംബത്തിന്റെ നിസഹായാവസ്ഥയാണ് അജയ് ഝാ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ഹോം ക്വാറന്റീനിലായ തനിക്കും കുടുംബത്തിനും ചികിത്സ അത്യാവശ്യമാണെന്നും സഹായിക്കണമെന്നുമാണ് അദ്ദേഹം ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമാക്കുന്നത്.

അജയിനും ഭാര്യക്കും രണ്ട് പെണ്‍ മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്തു ദിവസങ്ങള്‍ക്ക് ആദ്യം ഭാര്യാ പിതാവിനേയും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യാ മാതാവിനേയും തങ്ങള്‍ക്ക് കോവിഡ് ബാധിച്ച് നഷ്ടമായെന്ന് അജയ് പറയുന്നു. ഭാര്യയുടെ മാതാവിന്റെ മൃതദേഹം മണിക്കൂറുകളാണ് തറയില്‍ കിടന്നതെന്നും അതിന് ശേഷം മാത്രമാണ് ആംബുലന്‍സ് എത്തിയതെന്നും ഡല്‍ഹിയിലെ സംവിധാനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മക്ക് ഉദാഹരണമായി അദ്ദേഹം നിരത്തുന്നു.

'എല്ലാവരും ഉത്തരവാദിത്വം നിറവേറ്റാതെ മറ്റുള്ളവരെ പഴി പറയുകയാണ്. എല്ലാ സൗകര്യവുമുണ്ടെന്നാണ് കേജ്‌രിവാളും സര്‍ക്കാരും പറയുന്നത്. എന്നാല്‍ ഇവിടെ ഒന്നുമില്ലെന്നതാണ് സത്യം. 'ദൈവ കൃപ' മാത്രമാണ് ഇവിടെ ജനങ്ങള്‍ക്ക് ആശ്രയം'
അജയ് ഝാ

തനിക്കും കുടുംബത്തിനും വൈദ്യസഹായം ആവശ്യമാണെന്നും സഹായിക്കണമെന്നും പറഞ്ഞാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്. ഡല്‍ഹിയില്‍ കോവിഡ് സമൂഹവ്യാപനമുണ്ടായെന്ന സൂചനകള്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ നല്‍കിയതിന് പിന്നാലെയാണ് അജയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഏതാണ്ട് പകുതിയോളം കോവിഡ് രോഗികള്‍ക്കും എവിടെ നിന്നും രോഗം പകര്‍ന്നുവെന്ന് അറിയില്ലെന്ന് മനീഷ് സിസോദിയയും അറിയിച്ചിരുന്നു. ജൂലൈ 31നകം ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷമാകുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി അറിയിച്ചിരുന്നു.