LiveTV

Live

National

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംഎല്‍എമാരെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്നും കോടതി വിലക്കി

എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തില്‍ സ്പീക്കര്‍ വൈ ഖേംചന്ദ് സിങ് അന്തിമ തീരുമാനമെടുക്കുന്നത് വരെ ഏഴ് പേരും നിയമസഭയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്.

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംഎല്‍എമാരെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്നും കോടതി വിലക്കി

ബി.ജെ.പിയിലേക്ക് കൂറുമാറിയ ഏഴ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മണിപ്പൂര്‍ ഹൈക്കോടതി വിലക്കി. എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തില്‍ സ്പീക്കര്‍ വൈ ഖേംചന്ദ് സിങ് അന്തിമ തീരുമാനമെടുക്കുന്നത് വരെ ഏഴ് പേരും നിയമസഭയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്. ജൂണ്‍ 19ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിധി ബിജെപിക്ക് തിരിച്ചടിയായി.

ജസ്റ്റിസ് കെ.എച്ച് നോബിന്‍ സിങാണ് കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയ എം.എല്‍.എമാരെ വിലക്കി ഉത്തരവിറക്കിയത്. സനാസം ബിറാ സിങ്, ജിന്‍സെന്‍ഹൌ, ഔനം വുഖോയ് സിങ്, ഗംതങ് ഹോകിപ്, യെന്‍ഖോം സര്‍ചന്ദ്രസിങ്, ക്ഷേത്രിമയും ബിറാ സിങ്, പിയോനം ബ്രോജന്‍ സിങ് എന്നിവരെയാണ് നിയമസഭയില്‍ നിന്ന് വിലക്കിയത്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ശേഷം ഇവര്‍ ബി.ജെ.പിയിലേക്ക് കൂറുമാറുകയായിരുന്നു. 2017ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നു. 60 അംഗ നിയമസഭയില്‍ 28 സീറ്റ് കോണ്‍ഗ്രസിനുണ്ടായിരുന്നു. ബി.ജെ.പി അടങ്ങുന്ന സഖ്യകക്ഷി 21 സീറ്റാണ് നേടിയത്. കൂറുമാറിയവരുടെ സഹായത്തോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ഏഴ് എം.എല്‍.എമാര്‍ക്കും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാവില്ല. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എസ്.ജി ഹസ്‌നൈന്‍, എന്‍. ഇബോട്ടോമ്പി എന്നിവരാണ് കോണ്‍ഗ്രസിന് വേണ്ടി കോടതിയെ സമീപിച്ചത്.