LiveTV

Live

National

ഡല്‍ഹി കലാപം; കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗവും ബി.ജെ.പി നേതാക്കളുമില്ലാതെ കുറ്റപത്രം

പ്രക്ഷോഭകരുടെയും ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെയും വിശദമായ വിവരങ്ങള്‍ കുറ്റപത്രത്തിലുണ്ട്

ഡല്‍ഹി കലാപം; 
കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗവും ബി.ജെ.പി നേതാക്കളുമില്ലാതെ കുറ്റപത്രം

ഡല്‍ഹി കലാപക്കേസില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെപ്പറ്റി പരാമര്‍ശമില്ല.

ഡിസംബര്‍ 31 മുതല്‍ ഫെബ്രുവരി 25 വരെ നടന്ന വിവിധ സംഭവങ്ങളെപ്പറ്റി കുറ്റപത്രത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും കപില്‍ മിശ്ര അടക്കമുള്ള നേതാക്കള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അന്ന് പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ നടത്തിയ പ്രസംഗങ്ങളെപ്പറ്റി കുറ്റപത്രത്തില്‍ യാതൊരു പരാമര്‍ശവുമില്ല. പ്രക്ഷോഭകരുടെയും ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെയും ഷഹീന്‍ബാഗ് പ്രതിഷേധക്കാരുടെയും വിശദമായ വിവരങ്ങള്‍ കുറ്റപത്രത്തിലുണ്ട്.

ജസ്റ്റിസ് എസ്.മുരളീധര്‍
ജസ്റ്റിസ് എസ്.മുരളീധര്‍

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ മൗജ്പുര്‍ പ്രദേശത്ത് ഫെബ്രുവരി 23 ന് റാലി നടന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്ന കപിൽ മിശ്രയുടെ പരാമർശത്തെ തുടർന്നാണ് ഡൽഹിയിൽ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധം രക്തച്ചൊരിച്ചിലേക്ക് മാറിയത്. ശനിയാഴ്ച രാത്രി ഷഹീൻ ബാഗ് മാതൃകയിൽ ജാഫ്രാബാദിൽ സ്ത്രീകളുടെ പ്രതിഷേധം നടന്നു. പിറ്റേന്ന് വൈകിട്ടോടെ മോജ്പൂരിൽ മിശ്രയുടെ നേതൃത്വത്തിൽ സിഎഎ അനുകൂല പ്രതിഷേധം നടന്നു. തുടർന്ന് ഇരു വിഭാഗക്കാരും തമ്മിൽ കല്ലേറുണ്ടായി. പിന്നാലെ കലാപം പൊട്ടിപ്പുറപ്പെടുകയും 50 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി പിന്നീട് രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് എസ്.മുരളീധര്‍ കേന്ദ്ര മന്ത്രിയടക്കം നാല് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെ ജഡ്ജിക്ക് സ്ഥലംമാറ്റം ലഭിച്ചത് വിവാദമാകുകയും ചെയ്തിരുന്നു. കലാപക്കേസില്‍ പോലീസ് ഇതുവരെ 783 പ്രഥമ വിവര റിപ്പോര്‍ട്ടുകളും 70 കുറ്റപത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.