LiveTV

Live

National

'മുസ്‍ലിം രോഗികളുടെ എക്സ് റേ എടുക്കില്ല, പരിശോധിക്കില്ല'; മുസ്‍ലിം വിരുദ്ധ വാട്ട്സ്ആപ്പ് സന്ദേശത്തില്‍ അന്വേഷണം

രാജസ്ഥാനിലെ ചുരു ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടങ്ങുന്ന ജോലിക്കാരുടെ സന്ദേശങ്ങളാണ് പരാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

'മുസ്‍ലിം രോഗികളുടെ എക്സ് റേ എടുക്കില്ല, പരിശോധിക്കില്ല'; മുസ്‍ലിം വിരുദ്ധ വാട്ട്സ്ആപ്പ് സന്ദേശത്തില്‍ അന്വേഷണം

രോഗികളായ മുസ്‍ലികളെ പരിശോധിക്കില്ലെന്ന രാജസ്ഥാന്‍ ആശുപത്രി ഡോക്ടര്‍മാരുടെ വാട്ട്സ്ആപ്പ് സന്ദേശത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു സംഘം ഡോക്ടര്‍മാരുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 'നാളെ മുതല്‍ മുസ്‍ലിം രോഗികളുടെ എക്സ് റേ ഞാന്‍ എടുക്കില്ല, ഇതെന്‍റെ പ്രതിജ്ഞയാണ്' , 'നമുക്കെല്ലാവര്‍ക്കും മുസ്‍ലിം രോഗികളെ ചികിത്സിക്കാതിരിക്കാം', 'ഹിന്ദുക്കള്‍ക്ക് മാത്രം കോവിഡ് പോസിറ്റീവും മുസ്‍ലിം ഡോക്ടര്‍മാരുമാണ് പരിശോധിച്ചതെങ്കില്‍ മുസ്‍ലിം ഡോക്ടര്‍ക്ക് പ്രശ്നമുണ്ട്. നമുക്ക് മുസ്‍ലികളെ ചികിത്സിക്കാതിരിക്കാം'; എന്നിങ്ങനെയുള്ള കടുത്ത മുസ്‍ലിം വിരുദ്ധ സന്ദേശങ്ങള്‍ അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസ് കണ്ട്രോള്‍ റൂമിലേക്ക് വാട്ട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടോടെ പരാതി ലഭിക്കുന്നത്. മുസ്‍ലിം പരിഷദ് സാന്‍സ്ഥന്‍ ജില്ലാ പ്രസിഡണ്ട് മഖ്ബുല്‍ ഖാനാണ് പൊലീസിന് പരാതി സമര്‍പ്പിച്ചത്.

രാജസ്ഥാനിലെ ചുരു ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടങ്ങുന്ന ജോലിക്കാരുടെ സന്ദേശങ്ങളാണ് പരാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പരിശോധിച്ചതില്‍ നിന്നും ലോക്ക് ഡൗണ്‍ സമയത്താണ് ചര്‍ച്ച നടന്നതെന്ന് വ്യക്തമായതായി സര്‍ദ്ദാര്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രമേശ് പന്നു അറിയിച്ചു.

പരാതി വര്‍ഗീയ സ്വഭാവമുള്ളതാണെന്നും വിവേചനപരമാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഇത് വരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വിഷയത്തില്‍ പ്രാദേശിക മുസ്‍ലിം സമുദായത്തിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതെ സമയം വിഷയത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ സുനില്‍ ചൗധരി ഫേസ്ബുക്കിലൂടെ മാപ്പ് അപേക്ഷിച്ച് രംഗത്തുവന്നു. തങ്ങളുടെ സ്റ്റാഫ് മനപൂര്‍വം ഏതെങ്കിലും മതത്തെ വേദനിപ്പിക്കാന്‍ ചെയ്തതല്ലെന്നും സുനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ന്യായീകരിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പ് ചാറ്റില്‍ പല ഭാഗങ്ങളിലും, സുനില്‍ ചൗധരിയുടെ ഡോക്ടര്‍ ആയി ജോലി ചെയ്യുന്ന ഭാര്യയും കടുത്ത വര്‍ഗീയ സ്വഭാവത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഡല്‍ഹി തബ്‍ലീഗ് ജമാഅത്ത് പ്രവര്‍ത്തകരില്‍ കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്ന സമയത്ത് സംസാരിച്ച ചാറ്റിലാണ് ഇത്തരത്തില്‍ സംസാരിച്ചതെന്ന് സുനില്‍ ചൗധരി ഇന്ത്യന്‍ എക്സ്പ്രസി-നോട് പറഞ്ഞു. തങ്ങള്‍ ഒരുപാട് മുസ്‍ലിംകളായ രോഗികളെ ദിവസവും പരിശോധിക്കാറുണ്ടെന്നും അത് യഥാര്‍ത്ഥ വസ്തുത വന്ന് കണ്ടാല്‍ മനസ്സിലാകുമെന്നും സുനില്‍ ചൗധരി പ്രതികരിച്ചു.