LiveTV

Live

National

കെജ്‌രിവാളിന് പനിയും തൊണ്ടവേദനയും; കോവിഡ് പരിശോധിക്കും

ഞായറാഴ്ച്ച വൈകീട്ട് മുതല്‍ നാളെ വൈകുന്നേരം വരെയുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി...

കെജ്‌രിവാളിന് പനിയും തൊണ്ടവേദനയും; കോവിഡ് പരിശോധിക്കും

പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോവിഡ് 19 പരിശോധന നടത്തും. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് കെജ്‌രിവാളിനെ സ്വന്തം വസതിയില്‍ ഐസോലേഷനിലാക്കിയിരിക്കുകയാണ്. ഞായറാഴ്ച്ച വൈകീട്ട് മുതല്‍ നാളെ വൈകുന്നേരം വരെയുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി.

ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച്ച വൈകുന്നേരമാണ് കെജ്‌രിവാള്‍ അവസാനമായി പൊതുവേദിയിലെത്തിയത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഡല്‍ഹി സംസ്ഥാനത്തു നിന്നുള്ളവര്‍ക്ക് മാത്രമേ ചികിത്സ ലഭ്യമാവൂ എന്ന് അറിയിച്ചത്. ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള ആശുപത്രികളിലെ പതിനായിരം കിടക്കകള്‍ ഡല്‍ഹി നിവാസികള്‍ക്കായി നീക്കിവെക്കും.

ഇന്ന് മുതല്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികള്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ നിറയുമെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു കെജ്‌രിവാളിന്റെ വിശദീകരണം. അതേസമയം ഡല്‍ഹിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സതേടാം. പ്രത്യേക ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികള്‍ക്കും ഇളവുണ്ട്.

ഡല്‍ഹിയില്‍ ഇതുവരെ 27,600ലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പതിനായിരത്തിലേറെ പേര്‍ക്ക് രോഗം ഭേദമായി. 761 പേരാണ് കോവിഡിനെ തുടര്‍ന്ന് തലസ്ഥാനത്ത് മരണത്തിന് കീഴടങ്ങിയത്.