LiveTV

Live

National

രാത്രി മുഴുവന്‍ പബ്ജി കളിച്ച 14 വയസ്സുകാരന്‍ രാവിലെ തൂങ്ങിമരിച്ച നിലയില്‍

പബ്ജി കളി കഴിഞ്ഞ് ഉറങ്ങാന്‍ പോയ കുട്ടിയെ കിടപ്പ് മുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്

രാത്രി മുഴുവന്‍ പബ്ജി കളിച്ച 14 വയസ്സുകാരന്‍ രാവിലെ തൂങ്ങിമരിച്ച നിലയില്‍

വെളുപ്പിന് മൂന്ന് മണി വരെ പബ്ജി കളിച്ച ഒമ്പതാം ക്ലാസുകാരനെ രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പബ്ജി കളി കഴിഞ്ഞ് ഉറങ്ങാന്‍ പോയ കുട്ടിയെ കിടപ്പ് മുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.

മൂന്ന് ദിവസം മുന്‍പാണ് കുട്ടി അമ്മയുടെ മൊബൈൽ ഫോണിൽ പബ്ജി ഗെയിം ഡൌൺലോഡ് ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളിൽ തുടർച്ചയായി ഗെയിം കളിക്കുകയായിരുന്നു. സഹോദരനൊപ്പമാണ് ശനിയാഴ്ച പുലർച്ചെ 3 മണി വരെ പബ്ജി കളിച്ചത്. തുടര്‍ന്നാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് ജയ്പുർ റെയിൽവേ കോളനി പോലീസ് സ്റ്റേഷനിലെ ഹൻസ്‌രാജ് മീണ പറഞ്ഞു.

രാവിലെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ എം‌ബി‌എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

കരസേന ഉദ്യോഗസ്ഥന്‍റെ മകനാണ് മരിച്ച 14 വയസ്സുകാരന്‍. പിതാവ് അരുണാചല്‍ പ്രദേശിലാണ് ജോലി ചെയ്യുന്നത്. കുട്ടി അമ്മയ്ക്കും സഹോദരനുമൊപ്പം രാജസ്ഥാനിലെ കോട്ടയിലെ ഗാന്ധി കോളനിയിലായിരുന്നു താമസം.