LiveTV

Live

National

ഗോതമ്പ്‌പൊടിയിൽ സ്‌ഫോടകവസ്തു; ഹിമാചലിൽ ഗർഭിണിയായ പശുവിന്റെ വായ തകർന്നു

പശുവിന്റെ ഉടമയായ ഗുര്‍ദയാല്‍ സിംഗാണ് പശുവിന്റെ വായ സ്‌ഫോനത്തില്‍ തകര്‍ന്നത് വീഡിയോ അടക്കം പങ്കുവെച്ചിരിക്കുന്നത്.

ഗോതമ്പ്‌പൊടിയിൽ സ്‌ഫോടകവസ്തു; ഹിമാചലിൽ ഗർഭിണിയായ പശുവിന്റെ വായ തകർന്നു

സ്‌ഫോടക വസ്തുവില്‍ പൊതിഞ്ഞ ഗോതമ്പ് ഉണ്ട കടിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പശുവിന്റെ താടി ഭാഗം തകര്‍ന്നുപോയി. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയില്‍ നിന്നാണ് ദാരുണ സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. പശുവിന്റെ ഉടമയായ ഗുര്‍ദയാല്‍ സിംഗാണ് പശുവിന്റെ വായ സ്‌ഫോനത്തില്‍ തകര്‍ന്നത് വീഡിയോ അടക്കം പങ്കുവെച്ചിരിക്കുന്നത്.

അയല്‍വാസിയായ നന്ദ്‌ലാല്‍ എന്നയാള്‍ ബോധപൂര്‍വ്വം പശുവിന് സ്‌ഫോടകവസ്തു നല്‍കിയെന്നാണ് വീഡിയോയില്‍ ഗുര്‍ദയാല്‍ സിംഗ് ആരോപിക്കുന്നത്. മെയ് 26ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. ഗോതമ്പ് പൊടിയില്‍ സ്‌ഫോടകവസ്തു നിറച്ച് പശുവിന് നല്‍കിയതാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

തന്റെ വിളകള്‍ നശിപ്പിച്ചതിന്റെ പ്രതികാരമായാണ് അയല്‍വാസി പശുവിന് സ്‌ഫോടകവസ്തു നല്‍കിയതെന്നാണ് ആരോപണം. മൃഗസംരക്ഷണ നിയമം അനുസരിച്ച് ഹിമാചല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌ഫോടകവസ്തു അടങ്ങിയ പൈനാപ്പിള്‍ കഴിച്ച് വായ തകര്‍ന്ന് കേരളത്തില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പശുവിന്റെ ദുരവസ്ഥയും പ്രചരിക്കുന്നത്.

കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ അപകടപ്പെടുത്തുന്നതിനായി ഭക്ഷ്യവസ്തുക്കളില്‍ സ്‌ഫോടകവസ്തു നിറച്ച് നല്‍കുന്നത് പലയിടത്തും വ്യാപകമാണ്. പപ്പോഴും ഇത്തരത്തില്‍ അപകടത്തിലാവുന്നത് വളര്‍ത്തുമൃഗങ്ങളാകുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.