LiveTV

Live

National

ഫേസ്ബുക്കില്‍ ലാല്‍ സലാം പറഞ്ഞാല്‍, കോമ്രേഡ് എന്നു വിളിച്ചാല്‍ യു.എ.പി.എ

അസമിലെ കര്‍ഷക നേതാവ് അഖില്‍ ഗൊഗോയുടെ അനുയായിക്കെതിരായ കുറ്റപത്രത്തില്‍ എന്‍.ഐ.എയാണ് ഇക്കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്...

ഫേസ്ബുക്കില്‍ ലാല്‍ സലാം പറഞ്ഞാല്‍, കോമ്രേഡ് എന്നു വിളിച്ചാല്‍ യു.എ.പി.എ

ഫേസ്ബുക്കില്‍ ലാല്‍ സലാം പറയുകയും കോമ്രേഡ് എന്ന് വിളിക്കുകയും ലെനിന്റെ ചിത്രം അപ്‌ലോഡ് ചെയ്യുന്നതുമൊക്കെ അസമില്‍ യു.എ.പി.എ ചുമത്താനുള്ള കാരണങ്ങളാണെന്ന് എന്‍.ഐ.എ കുറ്റപത്രം. ദേശീയ സുരക്ഷാ ഏജന്‍സി(എന്‍.ഐ.എ) അസമിലെ കര്‍ഷക നേതാവ് അഖില്‍ ഗോഗോയുടെ അനുയായി ബിട്ടു സോനൊവാലിനെതിരെ തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇതെല്ലാം കുറ്റങ്ങളായി നിരത്തിയിരിക്കുന്നത്. ഔട്ട് ലുക്കാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഈവര്‍ഷമാദ്യമാണ് അഖില്‍ ഗോഗോയുടെ അനുയായികളായ ബിട്ടു സോനോവാലിനേയും മറ്റു രണ്ടു പേരേയും എന്‍.ഐ.എ അറസ്റ്റു ചെയ്യുന്നത്. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നാണ് അഖില്‍ ഗോഗോയെ എന്‍.ഐ.എ അറസ്റ്റു ചെയ്തത്. യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ അഖില്‍ ഗോഗോയ്‌ക്കെതിരെ ചുമത്തിയിരുന്നു. പല കേസുകളിലും അഖില്‍ ഗോഗോയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും പുതിയ കേസുകള്‍ എന്‍.ഐ.എ ചുമത്തുകയാണ്.

ബിട്ടു സോനോവാലിനെതിരായ കുറ്റപത്രത്തിന്‍റെ പകര്‍പ്പ്
ബിട്ടു സോനോവാലിനെതിരായ കുറ്റപത്രത്തിന്‍റെ പകര്‍പ്പ്

അസമിലെ കര്‍ഷക സംഘടനയായ കെ.എം.എസ്.എസ് നേതാവാണ് അഖില്‍ ഗോഗോയ്. ദേശീയ അന്വേഷണ ഏജന്‍സി, അഖില്‍ ഗോഗോയേയും മറ്റുള്ളവരേയും തെളിവുകള്‍ പോലുമില്ലാതെ മാവോയിസ്റ്റുകളായി മുദ്രകുത്താനാണ് ശ്രമിക്കുന്നതെന്നും കെ.എം.എസ്.എസ് പ്രസിഡന്റ് ഭാസ്‌കോ സെയ്കിയ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും സോഷ്യലിസത്തിന് ഒരു മുഖവുര എന്നീ പുസ്തകങ്ങള്‍ അഖില്‍ ഗോഗോയുടെ വസതിയില്‍ നിന്നും കണ്ടെടുത്തതെന്നും സെയ്കിയ സൂചിപ്പിച്ചു. ഇതെല്ലാം പൊതു വിപണിയില്‍ ആര്‍ക്കും വാങ്ങാവുന്ന പുസ്തകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 29ന് ബിട്ടു സോനോവാലിനെതിരെ തയ്യാറാക്കിയ 40 പേജുള്ള കുറ്റപത്രത്തില്‍ ലെനിന്റെ ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും 'മുതലാളിത്തം തന്നെ അവരെ തൂക്കിക്കൊല്ലാനുള്ള കയര്‍ നമുക്ക് വില്‍ക്കും' എന്ന് അടിക്കുറിപ്പ് നല്‍കിയിട്ടുണ്ടെന്നുമൊക്കെ പറയുന്നുണ്ട്. ഇതിന്റെ കൂട്ടത്തിലാണ് ലാല്‍ സലാമെന്ന് ഫേസ്ബുക്കില്‍ പറഞ്ഞെന്നും കോമ്രേഡ് എന്ന് അഭിസംബോധന ചെയ്‌തെന്നുമെല്ലാം കുറ്റമായി ചേര്‍ത്തിരിക്കുന്നത്.