LiveTV

Live

National

ഗര്‍ഭിണിയായ ജാമിയ വിദ്യാര്‍ഥിനിക്ക് ജാമ്യം നിഷേധിച്ച സംഭവത്തില്‍ എന്തുകൊണ്ട് പ്രതിഷേധമില്ല?

ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ അംശം പോലും ഈ സംഭവത്തില്‍ ഉയരുന്നില്ലെന്നും സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നു...

ഗര്‍ഭിണിയായ ജാമിയ വിദ്യാര്‍ഥിനിക്ക് ജാമ്യം നിഷേധിച്ച സംഭവത്തില്‍ എന്തുകൊണ്ട് പ്രതിഷേധമില്ല?

ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി കോടതി തള്ളിയത്. 21 ആഴ്ച്ച ഗര്‍ഭിണിയായ സഫൂറയുടെ ജാമ്യാപേക്ഷ തള്ളിയ സംഭവത്തില്‍ എന്തുകൊണ്ട് പ്രതിഷേധം ഇരമ്പുന്നില്ലെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ രംഗത്ത്. കേരളത്തില്‍ ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ അംശം പോലും ഈ സംഭവത്തില്‍ ഉയരുന്നില്ലെന്നും സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നു.

ഏപ്രില്‍ പത്തിനാണ് 27കാരിയും അന്ന് മൂന്ന് മാസം ഗര്‍ഭിണിയുമായിരുന്ന സഫൂറയെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തത്. ഇപ്പോഴും അവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കഴിയുന്നത്. ജാമിയ കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ മീഡിയ കോര്‍ഡിനേറ്ററായിരുന്നു സഫൂറ സര്‍ഗാര്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസിലെ സ്പെഷല്‍ സെല്‍ സഫൂറയെ അറസ്റ്റു ചെയ്തത്.

ഇപ്പോള്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് സഫൂറയുടെ ജാമ്യാപേക്ഷ തള്ളിയത്. 'ഈ ജാമ്യാപേക്ഷക്ക് എന്തെങ്കിലും യോഗ്യതയുള്ളതായി ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ തള്ളിക്കളയുന്നു' എന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ധര്‍മേന്ദ്ര റാണ വ്യക്തമാക്കിയത്.

കൃത്യമായ തെളിവുകളില്ലാതെയാണ് സഫൂറയെ തടവിലാക്കിയിരിക്കുന്നതെന്ന വാദം കോടതി പരിഗണിച്ചില്ല. ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന ശാരീരികാവസ്ഥയാണ് 21 ആഴ്ച്ച ഗര്‍ഭിണിയായ സഫൂറക്കെന്നും ഇത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും അവരുടെ അഭിഭാഷകന്‍ വാദിച്ചു.

ബോളിവുഡ് നടി സ്വര ഭാസ്‌കറും സിനിമാ സംവിധായകനും നടനുമായ ഹന്‍സല്‍ മേത്തയും സഫൂറക്ക് ജാമ്യം നിഷേധിച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ രാജ്യമാകെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ചെറിയൊരു ഭാഗം പോലും സഫൂറ സര്‍ഗാറിന് ജാമ്യം നിഷേധിച്ചപ്പോള്‍ ഉയര്‍ന്നില്ലെന്നാണ് സുപ്രീംകോടതി അഭിഭാഷക കരുണ നന്തി അടക്കം പലരും ചൂണ്ടിക്കാണിക്കുന്നത്.