LiveTV

Live

National

"അമേരിക്കന്‍ മോഡല്‍ പ്രക്ഷോഭം ഇന്ത്യയിലും വേണം"; ആംനസ്റ്റി മുന്‍ മേധാവി ആകാര്‍ പട്ടേലിനെതിരേ കേസ്

ആകാര്‍ പട്ടേലിന്റെ ട്വീറ്റില്‍ 'കുറ്റകരമായ' ഉള്ളടക്കമുണ്ടെന്നും സര്‍ക്കാരിനെതിരേ ഒരു വിഭാഗം ആളുകളെ ആക്രമണത്തിന് പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്നതാണെന്നുമാണ് ആരോപണം.

"അമേരിക്കന്‍ മോഡല്‍ പ്രക്ഷോഭം ഇന്ത്യയിലും വേണം"; ആംനസ്റ്റി മുന്‍ മേധാവി ആകാര്‍ പട്ടേലിനെതിരേ കേസ്

അമേരിക്കന്‍ മോഡല്‍ പ്രക്ഷോഭം ഇന്ത്യയിലും വേണമെന്ന് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തതിനു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ആംനസ്റ്റ് ഇന്റര്‍നാഷനല്‍ ഇന്ത്യ മുന്‍ മേധാവിയുമായ ആകാര്‍ പട്ടേലിനെതിരേ പോലിസ് കേസെടുത്തു. ജെസി നഗര്‍ പോലിസ് സ്‌റ്റേഷനിലെ പോലിസ് ഇന്‍സ്‌പെക്ടര്‍ ഡി ആര്‍ നാഗരാജയുടെ പരാതിയിലാണ് ചൊവ്വാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. ആകാര്‍ പട്ടേലിന്റെ ട്വീറ്റില്‍ 'കുറ്റകരമായ' ഉള്ളടക്കമുണ്ടെന്നും സര്‍ക്കാരിനെതിരേ ഒരു വിഭാഗം ആളുകളെ ആക്രമണത്തിന് പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്നതാണെന്നുമാണ് ആരോപണം.

ഇക്കഴിഞ്ഞ മെയ് 31നാണ് ആകാര്‍ പട്ടേല്‍, അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ വീഡിയോ പങ്കുവച്ച് ട്വീറ്റ് ചെയ്തത്. 'ദലിതര്‍, മുസ് ലിംകള്‍, ആദിവാസികള്‍, ദരിദ്രര്‍, സ്ത്രീകള്‍ എന്നിവരില്‍ നിന്ന് ഇത്തരമൊരു പ്രതിഷേധം ഞങ്ങള്‍ക്ക് ആവശ്യമാണ്. ലോകം ശ്രദ്ധിക്കുമെന്നുമായിരുന്നു ട്വീറ്റ് ചെയ്തത്. ഇതിന്റെ പേരിലാണ് സംഘര്‍ഷങ്ങള്‍ക്കു കാരണമായേക്കാവുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിനും കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിച്ചതിനും ആകാര്‍ പട്ടേലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 505(1-ബി), 153, 117 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.