LiveTV

Live

National

ലഡാക്കിൽ ചൈന 60 ചതുരശ്ര കിലോമീറ്റർ വരെ കടന്നുകയറി; നിഷേധിച്ചിട്ട് കാര്യമില്ലെന്ന് മുൻ കമാൻഡിംഗ് ഓഫീസർ എച്ച്.എസ് പനാഗ്

ഇന്ത്യൻ സൈന്യത്തിൽ 40 വർഷം സേവനമനുഷ്ഠിച്ച എച്ച്.എസ് പനാഗ് നോർത്താൻ കമാൻഡിലും സെൻട്രൽ കമാൻഡിലും ജനറൽ ഓഫീസർ കമാൻഡിംഗ് (ജി.ഒ.സി) ആയിരുന്നു.

ലഡാക്കിൽ ചൈന 60 ചതുരശ്ര കിലോമീറ്റർ വരെ കടന്നുകയറി; നിഷേധിച്ചിട്ട് കാര്യമില്ലെന്ന് മുൻ കമാൻഡിംഗ് ഓഫീസർ എച്ച്.എസ് പനാഗ്

കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം 40 മുതൽ 60 ചതുരശ്ര കിലോമീറ്റർ വരെ കടന്നുകയറി ആധിപത്യം സ്ഥാപിച്ചതായി മുൻ സൈനിക ജനറൽ ഹർചരൺജിത്ത് സിങ് പനാഗ്. പ്രശ്‌നപരിഹാരത്തിന് ഇന്ത്യയും ചൈനയും തമ്മിൽ നയതന്ത്ര ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതിൽ വ്യക്തമായ മേൽക്കൈ ചൈനക്കാണെന്നും ഇന്ത്യക്ക് അസ്വീകാര്യമായ വ്യവസ്ഥകളാവും അവർ മുന്നോട്ടുവെക്കുകയെന്നും 'ദി പ്രിന്റിൽ' വ്യാഴാഴ്ച എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു. 'ഇന്ത്യയുടെ ഫിംഗറുകൾ ചൈനയുടെ ബൂട്ടിനടിയിലായിക്കഴിഞ്ഞു; നിഷേധിച്ചതു കൊണ്ട് കാര്യമൊന്നുമില്ല' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

എച്ച്.എസ് പനാഗ്
എച്ച്.എസ് പനാഗ്
'മൂന്ന് വ്യത്യസ്ത മേഖലകളിലായി 40-60 ചതുരശ്ര കിലോമീറ്റർ പിടിച്ചെടുത്ത ചൈനക്ക്, ചർച്ചയിൽ ഇന്ത്യക്കു മേൽ സ്വീകാര്യമല്ലാത്ത വ്യവസ്ഥകൾ അടിച്ചേൽപ്പിക്കാനുള്ള ശേഷിയുണ്ട്. തങ്ങളുടെ കാഴ്ചപ്പാടിലുള്ള പൂർവസ്ഥിതി തുടരണമെങ്കിൽ അതിർത്തിയിൽ ഇന്ത്യ നിർമാണ പ്രവർത്തനങ്ങൾ നടത്തരുത് എന്ന് അവർ വ്യവസ്ഥ വെച്ചേക്കാം. നയതന്ത്രം പരാജയപ്പെടുകയാണെങ്കിൽ അതിർത്തിയിൽ സംഘർഷമോ ചെറിയ തോതിലുള്ള യുദ്ധമോ നടത്താനുള്ള ഒരുക്കം ചൈന നടത്തിയിട്ടുണ്ട്.'

അതിർത്തിയിലെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ വ്യക്തമായ ഒരു തന്ത്രം നരേന്ദ്രമോദി സർക്കാറിനില്ലെന്നും, പ്രദേശം നഷ്ടമായ കാര്യം നിഷേധിച്ച് ജനങ്ങളോട് സത്യം പറയാതിരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും എച്ച്.എസ് പനാഗ് ചൂണ്ടിക്കാട്ടുന്നു.

'നിലവിലെ നിയന്ത്രണ രേഖ' (എൽ.എ.സി) എന്ന സംജ്ഞ ഔപചാരിക കരാറിന്റെ ഭാഗമായി തീരുമാനിച്ചതല്ല. ഇരു പക്ഷത്തിന്റെയും കാഴ്ചപ്പാടനുസരിച്ച് ഈ നിയന്ത്രണ രേഖ മാറും. 1993 മുതൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ശ്രമങ്ങളും രണ്ട് അനൗപചാരിക ഉച്ചകോടികളുമുണ്ടായിട്ടും ഇക്കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. ലഡാക്കിലെ അതിർത്തിക്ക് 857 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 368 കിലോമീറ്റർ മാത്രമാണ് നിർണയിക്കപ്പെട്ട അന്താരാഷ്ട്ര അതിർത്തി. ബാക്കി 489 കിലോമീറ്ററും 'നിലവിലെ നിയന്ത്രണ രേഖ'യാണ്. 1962-ൽ ചൈന എത്തിപ്പിടിച്ച രേഖയാണിത്.
പാങ്കോങ് തടാകവും പരിസരവും
പാങ്കോങ് തടാകവും പരിസരവും
സമുദ്രനിരപ്പിൽ നിന്ന് 14,000 മുതൽ 15,000 അടിവരെ ഉയരത്തിലുള്ള താഴ്‌വരകളും 16,000-18,000 അടി ഉയരമുള്ള പർവതങ്ങളും നിറഞ്ഞതാണ് എൽ.എ.സി പ്രദേശം. സൈനികർക്ക് നേരിട്ടെത്താൻ കഴിയാത്തത്ര തീക്ഷ്ണമാണ് ഇവിടുത്ത കാലാവസ്ഥ. എൽ.എ.സിയിൽ നിന്ന് 10 മുതൽ 80 കിലോമീറ്റർ അകലെയാണ് സൈനികർ നിലകൊള്ളുന്നത്. ഇവിടുത്ത പ്രധാന പ്രതിരോധ ദൗത്യം സൈന്യത്തിനും എൽ.എ.സിയിൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിനുമാണ് ചുമതല.

- ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഈ വർഷം ഏപ്രിൽ അവസാനത്തിലും മെയ് ആദ്യത്തിലുമായി പാങ്കോങ് മേഖലയിൽ ചൈനീസ് സൈന്യം മുന്നേറ്റം നടത്തി. പാങ്കോങ് തടാകമേഖലയിലെ ഫിംഗർ നാലിനും ഫിംഗർ എട്ടിനുമിടയിലുള്ള എട്ട് കിലോമീറ്ററോളം സ്ഥലത്തിന്റെ നിയന്ത്രണം അവർ കൈക്കലാക്കി. ഈ മേഖലയിൽ ആകെ 35-40 ചതുരശ്ര കിലോമീറ്റർ ചൈനീസ് സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. - എച്ച്.എസ് പനാഗ് എഴുതുന്നു. ഇന്ത്യക്ക് പ്രദേശം നഷ്ടമായിട്ടില്ലെന്ന ന്യായീകരണം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നും ഈ വാദം ചൈനയുടെ കൈകളിലേക്ക് ചെന്നുവീഴുന്നതിനു തുല്യമാണെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യൻ സൈന്യത്തിൽ 40 വർഷം സേവനമനുഷ്ഠിച്ച എച്ച്.എസ് പനാഗ് നോർത്താൻ കമാൻഡിലും സെൻട്രൽ കമാൻഡിലും ജനറൽ ഓഫീസർ കമാൻഡിംഗ് (ജി.ഒ.സി) ആയിരുന്നു. വിരമിച്ചതിനുശേഷം സായുധസേനാ ട്രിബ്യൂണലിൽ അംഗമായിരുന്നു.