LiveTV

Live

National

ഗര്‍ഭിണിയായ ഗവേഷക വിദ്യാര്‍ഥിനിയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന ശാരീരികാവസ്ഥയാണ് 21 ആഴ്ച്ച ഗര്‍ഭിണിയായ സഫൂറക്കെന്നും ഇത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും അഭിഭാഷകന്‍

ഗര്‍ഭിണിയായ ഗവേഷക വിദ്യാര്‍ഥിനിയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. 'അര്‍ഹതയില്ല' എന്നകാരണം കാണിച്ചാണ് സഫൂറയുടെ ജാമ്യാപേക്ഷ തള്ളിയത്. ഏപ്രില്‍ പത്തിനാണ് 27കാരിയും അന്ന് മൂന്ന് മാസം ഗര്‍ഭിണിയുമായിരുന്ന സഫൂറയെ യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അവര്‍ കഴിയുന്നത്.

ജാമിയ കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ മീഡിയ കോര്‍ഡിനേറ്ററായിരുന്നു സഫൂറ സര്‍ഗാര്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ സഫൂറയെ അറസ്റ്റു ചെയ്തത്. ഇപ്പോള്‍ പട്യാല ഹൗസ് കോടതിയാണ് സഫൂറയുടെ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. 'ഈ ജാമ്യാപേക്ഷക്ക് എന്തെങ്കിലും യോഗ്യതയുള്ളതായി ഞാന്‍ കരുതന്നില്ല. അതുകൊണ്ടുതന്നെ തള്ളിക്കളയുന്നു' എന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ധര്‍മേന്ദ്ര റാണ വ്യക്തമാക്കിയത്. അതേസമയം, ഗര്‍ഭിണിയായ സര്‍ഗാറിന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കണമെന്ന് ജയില്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു.

കൃത്യമായ തെളിവുകളില്ലാതെയാണ് സഫൂറയെ തടവിലാക്കിയിരിക്കുന്നതെന്ന വാദം കോടതി പരിഗണിച്ചില്ല. ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന ശാരീരികാവസ്ഥയാണ് 21 ആഴ്ച്ച ഗര്‍ഭിണിയായ സഫൂറക്കെന്നും ഇത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും അവരുടെ അഭിഭാഷകന്‍ വാദിച്ചു.

ഡല്‍ഹിയിലെ പലയിടത്തും നടന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സഫൂറ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് കോടതിയില്‍ അറിയിച്ചത്. സഫൂറ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്നും സാമുദായിക കലാപത്തിന് പ്രേരിപ്പിച്ചുവെന്നുമാണ് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സ്‌പെഷല്‍ സെല്‍ കോടതിയെ ബോധിപ്പിച്ചത്. ഒരു മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് സഫൂറക്ക് ജാമ്യം നിഷേധിച്ചത്.