LiveTV

Live

National

കോണ്‍ഗ്രസിനായി തന്ത്രമോതാന്‍ പ്രശാന്ത് കിഷോര്‍ ?

കോൺഗ്രസിനായി നേരത്തെ 2017ലെ ഉത്തർപ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ പ്രശാന്ത് ചരടു വലിച്ചിരുന്നു

കോണ്‍ഗ്രസിനായി തന്ത്രമോതാന്‍ പ്രശാന്ത് കിഷോര്‍ ?

അടുത്ത് വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോൺഗ്രസിനായി പ്രവർത്തിക്കുമെന്ന വാർത്തകൾ നിഷേധിച്ച് തെരഞ്ഞെടുപ്പ് തന്ത്ര‍‍ജ്ഞൻ പ്രശാന്ത് കിഷോർ. മധ്യപ്രദേശിൽ‍ നടക്കാനിരിക്കുന്ന 24 നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിനായി പ്രശാന്ത് കിഷോർ തന്ത്രങ്ങൾ മെനയുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതിന് പിന്നാലെ അസംബ്ലയിൽ നിന്ന് രാജി വെച്ച എം.എൽ.എമാരുടെ ഒഴിവിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മധ്യപ്രദേശ് കോൺഗ്രസിൽ നിന്ന് തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് മുൻ ജനതാദൾ യുണെെറ്റഡ് നേതാവ് കൂടിയായിരുന്ന കിഷോർ പറഞ്ഞു. എന്നാൽ പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി പ്രചാരണത്തിനായി ക്ഷണിച്ചിരുന്നെന്നും താനത് നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു.

2014ൽ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി തുടക്കം കുറിച്ച് ശ്രദ്ധേയനായ പ്രശാന്ത് കിഷോർ, അന്നത്തെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായുള്ള ഭിന്നതയെ തുടർന്ന് പാർട്ടി വിടുകയായിരുന്നു.

കോൺഗ്രസിനായി നേരത്തെ 2017ലെ ഉത്തർപ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ പ്രശാന്ത് ചരടു വലിച്ചിരുന്നു. ഇതിൽ ഉത്തർപ്രദേശിലെ കോൺഗ്രസ് - സമാജ്‍വാദി പാർട്ടി പരീക്ഷണം തകർന്നടിഞ്ഞപ്പോൾ, പഞ്ചാബിൽ മിന്നുന്ന ജയം നേടിയിരുന്നു.

ഈ വർഷം ഡല്‍ഹിയില്‍ മിന്നുന്ന ജയം കുറിച്ച ആം ആദ്മി പാർട്ടിക്ക് വേണ്ടിയും പ്രശാന്ത് കിഷോർ പ്രവർത്തിച്ചിരുന്നു. അടുത്ത വർഷം തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന പശ്ചിമ ബംഗാളിൽ മമതാ ബാനർജിക്ക് വേണ്ടിയും, തമിഴ്നാട്ടിൽ എം.കെ സ്റ്റാലിന്റെ ഡി.എം.കെക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ പ്രശാന്ത് കിഷോർ ധാരണയിലെത്തിയിരുന്നു.