LiveTV

Live

National

'ട്വീറ്റ് വളച്ചൊടിച്ചു, ഞാനിപ്പോള്‍ നടിയല്ല': വെട്ടുകിളി വിവാദത്തെ കുറിച്ച് സൈറ വസീം

തന്‍റെ ട്വീറ്റ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് വിവാദങ്ങള്‍ക്ക് കാരണമെന്ന് സൈറ പ്രതികരിച്ചു.

'ട്വീറ്റ് വളച്ചൊടിച്ചു, ഞാനിപ്പോള്‍ നടിയല്ല': വെട്ടുകിളി വിവാദത്തെ കുറിച്ച് സൈറ വസീം

ഖുര്‍ആന്‍ സൂക്തം ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ബോളിവുഡ് താരം സൈറ വസീം. തന്‍റെ ട്വീറ്റ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് വിവാദങ്ങള്‍ക്ക് കാരണമെന്ന് സൈറ പ്രതികരിച്ചു. താന്‍ ഇപ്പോള്‍ നടിയല്ലെന്നും സൈറ വ്യക്തമാക്കി.

'വെള്ളപ്പൊക്കം, വെട്ടുകിളി, ചെള്ള്​, തവളകൾ, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവർ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു' എന്ന്​ അർത്ഥം വരുന്ന സൂക്തമാണ്​ സൈറ ട്വിറ്ററിൽ പങ്കുവെച്ചത്​. രാജ്യത്തെ വെട്ടുകിളി ആക്രമണത്തെ ന്യായീകരിക്കുകയാണ് സൈറ ചെയ്തതെന്ന് ആരോപിച്ചായിരുന്നു സൈബര്‍ ആക്രമണം. ചിലര്‍ സൈറയെ പാക് അനുഭാവിയെന്നും മതമൌലികവാദിയെന്നും അധിക്ഷേപിച്ചു. ചിലരാകട്ടെ വെട്ടുകിളി ആക്രമണത്തെ മത ഗ്രന്ഥവുമായി ബന്ധപ്പെടുത്തുന്നത് യുക്തിക്ക് നിരക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഉപേക്ഷിച്ച സൈറ തിരിച്ചെത്തി. പെട്ടെന്നുള്ള വികാരത്തിന്‍റെ പുറത്താണ് അക്കൌണ്ട് ഉപേക്ഷിച്ചതെന്ന് സൈറ വ്യക്തമാക്കി.

സ്വന്തം രാജ്യത്തെ ദുരന്തത്തെ സൈറ കളിയാക്കിയെന്ന കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ തരേഖ് ഫത്തയുടെ ട്വീറ്റിന് നല്‍കിയ മറുപടിയിലാണ് സൈറ തനിക്ക് പറയാനുള്ളത് വ്യക്തമാക്കിയത്. ട്വീറ്റ് പൂര്‍ണമായും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്. ദൈവത്തിന്‍റെ കോപമാണ് രാജ്യത്തെ വെട്ടുകിളി ആക്രമണത്തിന് കാരണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സൈറ വിശദമാക്കി. ഇങ്ങനെയൊരു വിഷമ ഘട്ടത്തെ അല്ലാഹുവിന്‍റെ ശാപമെന്ന് വിശദീകരിക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാണെന്ന് തനിക്കാറിയാമെന്നും താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും സൈറ പറഞ്ഞു. അഭിപ്രായങ്ങള്‍ നല്ലതോ ചീത്തയോ ആകട്ടെ ഇവയൊന്നും ഉദ്ദേശ്യത്തെ നിര്‍വചിക്കുന്നില്ല. കാരണം അത് താനും തന്റെ റബ്ബിനും ഇടയിലുള്ളതാണെന്നും സൈറ വിശദമാക്കി.

വെട്ടുകിളി ആക്രമണം; ഖുര്‍ആന്‍ സൂക്തം ട്വീറ്റ് ചെയ്തതിന് സൈറാ വസീമിന് നേരെ സൈബര്‍ ആക്രമണം
Also Read

വെട്ടുകിളി ആക്രമണം; ഖുര്‍ആന്‍ സൂക്തം ട്വീറ്റ് ചെയ്തതിന് സൈറാ വസീമിന് നേരെ സൈബര്‍ ആക്രമണം

ലോകം ഇതിനകം ദുഷ്‌കരമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ്. ഇതിനകം തന്നെ ഇവിടെ വിദ്വേഷവും വര്‍ഗീയതയും ഉണ്ട്. നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം അത് കൂടുതലാക്കാതിരിക്കുക എന്നതാണ്. അല്ലാഹു നമ്മളെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും രക്ഷിക്കട്ടെ. താന്‍ ഇനി ഒരിക്കലും ഒരു നടിയല്ലെന്ന വാക്കുകളോടെയാണ് സൈറ കുറിപ്പ് അവസാനിപ്പിച്ചത്.