LiveTV

Live

National

മമതാജിയുടെ ആഗ്രഹം നടക്കും, ബംഗാള്‍ ബിജെപി ഭരിക്കും: പരിഹാസവുമായി അമിത് ഷാ

ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി മമതാജിയുടെ ആഗ്രഹങ്ങള്‍ ബി.ജെ.പി നിറവേറ്റുമെന്ന് അമിത് ഷാ

മമതാജിയുടെ ആഗ്രഹം നടക്കും, ബംഗാള്‍ ബിജെപി ഭരിക്കും: പരിഹാസവുമായി അമിത് ഷാ

അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാള്‍ ഭരിക്കുന്നത് ബി.ജെ.പിയായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.

‘ബംഗാള്‍ ബി.ജെ.പി തന്നെ ഭരിക്കണമെന്നാണ് മമതാജിയുടെ ആഗ്രഹമെങ്കില്‍ ആ ആഗ്രഹം എന്തായാലും നടക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരു മാറ്റം ബംഗാളിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്‍ക്കാരിന് രൂപം നല്‍കും’, അമിത് ഷാ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ അതിഥി തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിട്ടെന്ന വിമര്‍ശനം മമത ഉന്നയിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ മറുപടി. ലോക്ക്ഡൌണ്‍ മുന്നൊരുക്കങ്ങളിലാതെ പ്രഖ്യാപിച്ചതാണ് തൊഴിലാളികളുടെ ദുരിതത്തിന് കാരണമെന്നാണ് മമത വിമര്‍ശിച്ചത്. അതിഥി തൊഴിലാളികള്‍ക്ക് എവിടെ ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തും? കോവിഡ് കേസുകള്‍ കൂടുന്നതിന്‍റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? കോവിഡും ചുഴലിക്കാറ്റ് ദുരിതവും കാരണം ബംഗാള്‍ ഏറെ കഷ്ടത്തിലാണെന്നും മമത പറയുകയുണ്ടായി.

നിരന്തരം കേന്ദ്ര സംഘത്തെ ബംഗാളിലേക്ക് അയക്കുന്ന മോദി സര്‍ക്കാര്‍ നീക്കത്തെയും മമത കുറ്റപ്പെടുത്തി. ബംഗാളിന് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ ഇങ്ങോട്ട് വന്ന് കോവിഡിനെ നേരിടൂ എന്നായിരുന്നു മമതയുടെ പ്രതികരണം. ഇതിന് മറുപടിയായിട്ടാണ് അമിത് ഷായുടെ പ്രതികരണം.

‘ഞാന്‍ പാര്‍ലമെന്റ് അംഗമായതിനാല്‍ എനിക്ക് ബംഗാളിലെ കാര്യങ്ങള്‍ നേരിട്ട് ഏറ്റെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി മമതാജിയുടെ ആഗ്രഹങ്ങള്‍ ബി.ജെ.പി നിറവേറ്റും. ബംഗാളിലെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ നേടുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സംശയമായിരുന്നു. 18 സീറ്റുകള്‍ നേടിയതോടെ ആ സംശയം എല്ലാവര്‍ക്കും മാറി' - അമിത് ഷാ പറഞ്ഞു.

2021ല്‍ ബംഗാളില്‍ ബി.ജെ.പി അധ്കാരത്തിലെത്തുമെന്ന് ഇതിന് മുന്‍പും അമിത് ഷാ അവകാശപ്പെട്ടിട്ടുണ്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബംഗാളില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്നാണ് ഷാ പറഞ്ഞത്.