LiveTV

Live

National

സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശത്തിന് പുല്ലുവില; കോവിഡ് ഭേദമായ കോണ്‍ഗ്രസ് നേതാവിനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം

കഴിഞ്ഞ ദിവസം രാത്രിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് ഹാന്ദോറിന് ലോക്ഡൌണ്‍ നിയന്ത്രണങ്ങളെയെല്ലാം കാറ്റില്‍ പറത്തി സ്വീകരണമൊരുക്കിയത്


സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശത്തിന് പുല്ലുവില; കോവിഡ് ഭേദമായ കോണ്‍ഗ്രസ് നേതാവിനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം

രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുമ്പോഴും സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശത്തിന് പുല്ലുവില. കോവിഡ് ഭേദമായി ആശുപത്രി വിട്ട കോണ്‍ഗ്രസ് നേതാവിനെ സ്വീകരിക്കാന്‍ മുംബൈയിലെ വീട്ടിലെത്തിയത് വന്‍ ജനക്കൂട്ടമാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് ഹാന്ദോറിന് ലോക്ഡൌണ്‍ നിയന്ത്രണങ്ങളെയെല്ലാം കാറ്റില്‍ പറത്തി സ്വീകരണമൊരുക്കിയത്.

ഡ്രംസ് വായിച്ചും പടക്കം പൊട്ടിച്ചും കരഘോഷം മുഴക്കിയുമാണ് 57കാരനായ ചന്ദ്രകാന്തിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തത്. രോഗമുക്തനായ അദ്ദേഹം ശനിയാഴ്ച രാത്രിയാണ് സ്വവസതിയിലെത്തിയത്.സാമൂഹ്യ അകലം പാലിച്ചില്ലെന്ന് മാത്രമല്ല പലരും മാസ്ക് പോലും വയ്ക്കാതെയാണ് പരിപാടിയില്‍ പങ്കെടുത്തത്. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലങ്ങളിലൊന്നാണ് മുംബൈ. 38,442 കോവിഡ് രോഗികളാണ് ഇവിടെയുള്ളത്.

മഹാരാഷ്ട്രയാണ് കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യന്‍ സംസ്ഥാനം. 2,940 കേസുകളാണ് ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നുകഴിഞ്ഞുവെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്‌ധരുടെ സംഘടന ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിൽ സമൂഹ വ്യാപനം ഇല്ലെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പ്രതിദിനം വര്‍ധിക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്തെത്തി.