LiveTV

Live

National

വെല്ലുവിളികളേറെ, ലോക്ഡൗണ്‍ ഇളവുകളില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

ലോക്ഡൗൺ ഇളവുകൾ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്താൻ കാരണമാകരുത്. മാസ്കുകൾ ധരിക്കണം. പരമാവധി വീട്ടിനകത്ത് ഇരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വെല്ലുവിളികളേറെ, ലോക്ഡൗണ്‍ ഇളവുകളില്‍ ജാഗ്രത വേണമെന്ന് 
പ്രധാനമന്ത്രി

വെല്ലുവിളി കനത്തതായിട്ടും ഒരു പരിധി വരെ കോവിഡിനെ പിടിച്ചു നിര്‍ത്താനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ നിയന്ത്രിക്കുന്നതില്‍ യോഗാഭ്യാസത്തിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നും റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ മോദി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ടോ സര്‍ക്കാരിന്റെ വാര്‍ഷികം പ്രമാണിച്ചോ പുതിയ പ്രഖ്യാപനങ്ങളൊന്നും മോദി നടത്തിയില്ല.

പ്രാണായാമം പോലുളള ശ്വസന നിയന്ത്രണ യോഗ രീതികള്‍ മുഴുവന്‍ ലോകത്തിന്‍റെയും ശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങിയതായും യോഗയുടെ പ്രാധാന്യത്തെ കുറിച്ചറിയാന്‍ ലോകനേതാക്കള്‍ ഇന്ത്യയുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ വരുന്ന ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിവസം വീടുകളില്‍ സമുചിതമായി ആഘോഷിക്കാന്‍ അദ്ദേഹം ആഹ്വാനം നല്‍കി. ആരോഗ്യ മന്ത്രാലയം തയാറാക്കിയ മൈ ലൈഫ്, മൈ യോഗ എന്ന വീഡിയോ ബ്‌ളോഗില്‍ ഓരോ ഇന്ത്യക്കാരനും സ്വന്തം യോഗാഭ്യാസത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരുമായി സംവദിക്കാനാവും.

വ്യത്യസ്തങ്ങളായ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് മന്‍ കീ ബാത്തില്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഉംപുന്‍ ചുഴലിക്കാറ്റും വിവിധ സംസ്ഥാനങ്ങളിലെ വെട്ടുകിളി ശല്യവും എടുത്തു പറഞ്ഞു. ഇത്രയും ദിവസം തുടര്‍ന്ന നിയന്ത്രണങ്ങള്‍ വരും ദിവസങ്ങളിലും സ്വമേധയാ തുടരണം. നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് ദുരന്തം വീണ്ടും ശക്തമാകുന്ന സാഹചര്യം രാജ്യത്തുണ്ടാകരുതെന്നും മോദി പറഞ്ഞു. ലോക്ഡൗൺ ഇളവുകൾ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്താൻ കാരണമാകരുത്. മാസ്കുകൾ ധരിക്കണം. പരമാവധി വീട്ടിനകത്ത് ഇരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ജൂണ്‍ 5ന്‍റെ പരിസ്ഥിതി ദിനത്തെ ജൈവ വൈവിധ്യ ദിനമായി ആചരിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ തീരുമാനം ഓരോ വ്യക്തിയും ഓരോ മരം നട്ടുപിടിപ്പിച്ചു കൊണ്ട് ഇന്ത്യയിലും വിജയിപ്പിക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. ആത്മനിര്‍ഭര്‍ പദ്ധതിയെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് ഗ്രാമങ്ങള്‍ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നതും വിവിധ മേഖലകളില്‍ ജനങ്ങള്‍ നൂതനമായ ആവിഷ്‌കാരങ്ങളിലൂടെ കോവിഡിനെ ഫലപ്രദമായി നേരിടുന്നതും ചാരിതാര്‍ഥ്യ ജനകമാണെന്ന് പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ ചൂണ്ടിക്കാട്ടി.

ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി:  നിയന്ത്രണം കണ്ടെയ്ൻമെന്‍റ് സോണുകളിൽ
Also Read

ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി: നിയന്ത്രണം കണ്ടെയ്ൻമെന്‍റ് സോണുകളിൽ