LiveTV

Live

National

പി.എം കെയര്‍സ് ഫണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ബംഗളൂരുവില്‍ നിന്നുള്ള ഒരു നിയമവിദ്യാര്‍ഥിയാണ് പി.എം കെയര്‍സ് ഫണ്ടിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. ..

പി.എം കെയര്‍സ് ഫണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

പി.എം കെയര്‍സ് ഫണ്ടിന്റെ വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ടുള്ള വിവരാവകാശ അപേക്ഷ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് തള്ളി. പി.എം.കെയര്‍സ് ഫണ്ടില്‍ പൊതു അവകാശമില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ആര്‍.ടി.ഐ അപേക്ഷ തള്ളിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ടു ചെയ്യുന്നു. ബംഗളൂരുവില്‍ നിന്നുള്ള ഒരു നിയമവിദ്യാര്‍ഥിയാണ് പി.എം കെയര്‍സ് ഫണ്ടിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

'2005ലെ വിവരാവകാശ നിയമത്തിന്റെ രണ്ട്(എച്ച്) വകുപ്പ് പ്രകാരമുള്ള പൊതു അവകാശം പി.എം കെയര്‍സ് ഫണ്ടിന്മേലില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ pmcares.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്' എന്നാണ് വിവരാവകാശ അപേക്ഷക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയെന്ന് ലൈവ് ലോ റിപ്പോര്‍ട്ടു ചെയ്യുന്നു.

വിവരാവകാശ നിയമപ്രകാരം പൊതു അവകാശമുള്ള സ്ഥാപനങ്ങള്‍ ഇവയാണ് a) ഭരണഘടനാ സ്ഥാപനം b) പാര്‍ലമെന്റ് നിയമം പാസാക്കുന്നത് വഴി സ്ഥാപിക്കപ്പെട്ടത് c) സര്‍ക്കാര്‍ ഉത്തരവോ വിജ്ഞാപനമോ അനുസരിച്ച് രൂപീകരിക്കുന്നവ. സര്‍ക്കാര്‍ ഫണ്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളേയും സര്‍ക്കാരിതര സംഘടനകളേയും നിയമത്തിന്റെ പരിധിയില്‍ പെടുത്തുന്നുണ്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നിരസിച്ചതിനെതിരെ പുതിയ അപേക്ഷ നല്‍കുമെന്നും ലൈവ് ലോ അറിയിക്കുന്നുണ്ട്.

പി.എം കെയര്‍സ് ഫണ്ട് സി.എ.ജി ഓഡിറ്റിംഗിന്റെ പരിധിയില്‍ വരില്ലെന്ന വാര്‍ത്ത കഴിഞ്ഞ മാസം വന്നിരുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 28നാണ് പി.എം കെയര്‍സ് ഫണ്ട് ആരംഭിക്കുന്നത്. പ്രധാനമന്ത്രി അധ്യക്ഷനും മുതിര്‍ന്ന കാബിനറ്റ് അംഗങ്ങള്‍ ട്രസ്റ്റികളുമാണ്. നിലവില്‍ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടുള്ളപ്പോള്‍ പുതിയ ഫണ്ട് രൂപവത്ക്കരിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പി.എം കെയര്‍സിലെ പണം കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയില്ലെന്നായിരുന്നു പ്രധാന ആരോപണം.