LiveTV

Live

National

ക്ഷേത്ര നടയില്‍ മാംസം വലിച്ചെറിഞ്ഞു; ഒരാള്‍ അറസ്റ്റില്‍

സിവിൽ എന്‍ജിനീയറിങ് ബിരുദധാരിയായ ഇയാള്‍ തൊഴിൽരഹിതനായിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു.

ക്ഷേത്ര നടയില്‍ മാംസം വലിച്ചെറിഞ്ഞു; ഒരാള്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വേണുഗോപാല കൃഷ്ണസ്വാമി ക്ഷേത്രത്തിനും ശ്രീ രാഗവേന്ദ്ര ക്ഷേത്രത്തിനും മുന്നിൽ മാംസം വലിച്ചെറിഞ്ഞതിന് ഒരാള്‍ അറസ്റ്റില്‍. 48 കാരനെയാണ് കോയമ്പത്തൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂരിലെ കാവുണ്ടമ്പാലയം സ്വദേശി എസ് ഹരി രാംപ്രകാശ് (48) ആണ് പിടിയിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സിവിൽ എന്‍ജിനീയറിങ് ബിരുദധാരിയായ ഇയാള്‍ തൊഴിൽരഹിതനായിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതേസമയം, ഇയാള്‍ക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ രേഖകളൊന്നുമില്ല.

ഹരിക്കെതിരെ രണ്ട് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തു. 153 എ (രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളർത്തുന്നത്) 295 എ (ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ അവഹേളിക്കുന്നതിലൂടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതും ക്ഷുദ്രകരവുമായ പ്രവൃത്തികൾ), 298 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മീഷണർ സുമിത് ശരൺ പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ക്ഷേത്രങ്ങള്‍ക്ക് സമീപം ബൈക്കിലെത്തിയ ഇയാളെ വാഹന രജിസ്ട്രേഷൻ നമ്പറിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തി അറസ്റ്റ് ചെയ്തതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.