LiveTV

Live

National

വിദ്വേഷ പ്രചാരകര്‍ക്ക് പരസ്യമില്ലെന്ന് പ്രമുഖ ബ്രാന്‍ഡുകള്‍

ഓപ് ഇന്ത്യയില്‍ വന്ന 'മുസ്‌ലിംകളെ ജോലിക്കെടുക്കുന്നില്ലെന്ന് പരസ്യം നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്ന്' വാദിക്കുന്ന ലേഖനമാണ് വിവാദമായത്...

വിദ്വേഷ പ്രചാരകര്‍ക്ക് പരസ്യമില്ലെന്ന് പ്രമുഖ ബ്രാന്‍ഡുകള്‍

സംഘ് പരിവാര്‍ അനുകൂല വെബ് സൈറ്റായ ഓപ് ഇന്ത്യക്ക്(OpIndia) പരസ്യം നല്‍കുന്നത് അവസാനിപ്പിക്കുന്നുവെന്ന് പ്രമുഖ ബ്രാന്‍ഡുകള്‍. ഓപ് ഇന്ത്യയില്‍ വന്ന വിദ്വേഷം പ്രചരിപ്പിക്കുന്ന ലേഖനത്തെ തുടര്‍ന്നാണ് നടപടി. യു.കെ ആസ്ഥാനമായുള്ള സ്റ്റോപ് ഫണ്ടിംഗ് ഹേറ്റ് കാമ്പയിനെ തുടര്‍ന്നാണ് ഓപ് ഇന്ത്യക്ക് പരസ്യം നല്‍കുന്നത് പ്രമുഖ സിനിമാ സ്ട്രീമിംഗ് സേവനമായ MUBI അടക്കമുള്ള ബ്രാന്‍ഡുകള്‍ നിര്‍ത്തിയത്.

ഓപ് ഇന്ത്യയില്‍ വന്ന 'മുസ്‌ലിംകളെ ജോലിക്കെടുക്കുന്നില്ലെന്ന് പരസ്യം നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്ന്' വാദിക്കുന്ന ലേഖനമാണ് വിവാദമായത്. ലേഖനം മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരെ ഓണ്‍ലൈന്‍ പരസ്യദാതാക്കള്‍ക്ക് വിവരമറിയിക്കണമെന്നും കാണിച്ച് സ്‌റ്റോപ് ഫണ്ടിംഗ് ഹേറ്റ് മെയ് 29നാണ് ട്വിറ്ററില്‍ പോസ്റ്റിട്ടത്.

നിരവധി പേര്‍ ഈ ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പരസ്യ ദാതാക്കളായ കമ്പനികള്‍ക്ക് സന്ദേശങ്ങള്‍ അയച്ചതോടെയാണ് പലരും നടപടിയെടുത്തിരിക്കുന്നത്. അമേരിക്കയിലെ ബ്രെയിറ്റ്ബാര്‍ട്ട് എന്ന വംശീയ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന വെബ് സൈറ്റിനെതിരെ നടന്ന കാമ്പയിനാണ് സ്റ്റോപ് ഫണ്ടിംഗ് ഹേറ്റ് കാമ്പയിന് പ്രചോദനമായതെന്ന് കാമ്പയിന്റെ ഡയറക്ടറായ റിച്ചാര്‍ഡ് വില്‍സണ്‍ പറയുന്നു. ബ്രയിറ്റ് ബാര്‍ട്ടിനെതിരെ നടന്ന ഓണ്‍ലൈന്‍ കാമ്പയിനെ തുടര്‍ന്ന് 4,000 കമ്പനികള്‍ 'വെള്ളക്കാരന്റെ വംശീയത' പ്രചരിപ്പിക്കുന്ന ഈ വൈബ് സൈറ്റില്‍ പരസ്യം നല്‍കുന്നത് നിര്‍ത്തിയിരുന്നു.

പത്രങ്ങളേയും ചാനലുകളേയും അപേക്ഷിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നവരല്ല എവിടെയെല്ലാമാണ് പരസ്യം നല്‍കേണ്ടതെന്ന് പലപ്പോഴും തീരുമാനിക്കുക. പരസ്യദാതാക്കള്‍ക്ക് കൂടുതല്‍ അനുയോജ്യരെന്ന് തോന്നുന്ന വെബ് സൈറ്റുകളെയും മറ്റും ഗൂഗിള്‍ ആഡ് പോലുള്ള തേഡ് പാര്‍ട്ടി നെറ്റ്‌വര്‍ക്കുകളാണ് തീരുമാനിക്കാറ്.

അതേസമയം ഏതെങ്കിലും പ്രത്യേകം വെബ്‌സൈറ്റുകളിലേക്ക് തങ്ങളുടെ പരസ്യം നല്‍കേണ്ടതില്ലെന്ന് കമ്പനികള്‍ക്ക് തീരുമാനിക്കാനും കഴിയും. അങ്ങനെ വരുമ്പോള്‍ ഈ കമ്പനികളുടെ പരസ്യങ്ങളുടെ വരുമാനം തേഡ് പാര്‍ട്ടി നെറ്റ്‌വര്‍ക്കുകള്‍ വഴി ബ്ലോക്കു ചെയ്യുന്ന വെബ് സൈറ്റിന് ലഭിക്കില്ല. വിദ്വേഷ പ്രചരണം നടത്തുന്ന കമ്പനികളില്‍ നിങ്ങളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് പരസ്യ ദാതാക്കളായ കമ്പനികളെ അറിയിച്ച് അവരെക്കൊണ്ട് നടപടിയെടുപ്പിക്കലാണ് കാമ്പയിന്റെ ലക്ഷ്യം.

MUBIക്ക് പുറമേ റുബികോണ്‍ പ്രൊജക്ട്, സയ്യിദ് ബിസിനസ് സ്‌കൂള്‍, ലൈവ് വര്‍ക്‌സ്, സലാന്‍ഡോ ന്യൂസ് തുടങ്ങി നിരവധി പരസ്യ ദാതാക്കള്‍ ഇതിനകം തന്നെ ഓപ് ഇന്ത്യക്ക് പരസ്യം നല്‍കില്ലെന്ന് അറിയിച്ചിട്ടുണ്ട്.