LiveTV

Live

National

മെയ് 31ഓടെ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പാനലുകളുടെ ശിപാര്‍ശ

രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രണ്ട് പാനലുകളാണ് നാലാം ഘട്ടത്തോടെ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

മെയ് 31ഓടെ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പാനലുകളുടെ ശിപാര്‍ശ

മെയ് 31ഓടെ ലോക്ഡൗണ്‍ എടുത്തുകളയണമെന്ന് കേന്ദ്രസര്‍ക്കാര്‍ പാനലുകളുടെ ശിപാര്‍ശ. രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രണ്ട് പാനലുകളാണ് നാലാം ഘട്ടത്തോടെ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ഡൗണില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാം എന്നതു സംബന്ധിച്ചൊരു പദ്ധതിയും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, മറ്റുള്ളവ തുറന്നുകൊടുക്കുക എന്നതാണ് ഇവരുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്.

സ്‌കൂളുകള്‍, കോളജുകള്‍, സിനിമ തിയേറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ഇപ്പോ തുറക്കേണ്ടതില്ലെന്നും ഇവര്‍ ശിപാര്‍ശ ചെയ്യുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്ന കാര്യം ഇവര്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ദ എക്ക്‌ണോണിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച തീരുമാനം അടുത്ത് തന്നെയുണ്ടാവും. വരുന്ന ഞായറാഴ്ചയാണ് നാലാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്നത്. പ്രധാനമന്ത്രിയുടെ മന്‍കിബാത്തില്‍ ലോക്ഡൗണുമായി ബന്ധപ്പെട്ട നിര്‍ദേശം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച് പതിനൊന്നിന് ആഭ്യന്തരമന്ത്രാലയം പതിനൊന്ന് സമിതികളെ നിയോഗിച്ചിരുന്നു. മെഡിക്കല്‍ എമര്‍ജന്‍സി ഗ്രൂപ്പിനു നേതൃത്വം നല്‍കുന്നത് നിതി ആയോഗ് അംഗം വിനോദ് പോള്‍ ആണ്. മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പരിസ്ഥിതി സെക്രട്ടറി സി.കെ. മിശ്രയുടെ നേതൃത്വത്തിലുള്ള പാനലാണ്. രാജ്യവ്യാപകമായ ലോക്ഡൗണ്‍ തുടരേണ്ടതില്ലെന്നാണ് ഈ രണ്ടു പാനലുകളും നിര്‍ദേശിച്ചിരിക്കുന്നത്. മഹാമാരി സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങളും സമിതി പരിഗണിച്ചിട്ടുണ്ട്.