LiveTV

Live

National

കോവിഡ് ദുരിതം തീരാന്‍ നരബലി: പൂജാരി അറസ്റ്റില്‍

ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് മധ്യവയസ്കന്‍റെ തല വെട്ടിമാറ്റിയത്.

കോവിഡ് ദുരിതം തീരാന്‍ നരബലി: പൂജാരി അറസ്റ്റില്‍

കോവിഡ് ഇല്ലാതാക്കാന്‍ ഒഡീഷയിലെ ക്ഷേത്രത്തിലെ പൂജാരി മനുഷ്യക്കുരുതി നടത്തി. ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് മധ്യവയസ്കന്‍റെ തല വെട്ടിമാറ്റിയത്. സംഭവത്തില്‍ പൂജാരിയെ അറസ്റ്റ് ചെയ്തു.

72കാരനായ സന്‍സാരി ഒഝ എന്നയാളാണ് കൊല നടത്തിയത്. ബന്ധ മാ ബുദ്ധ ബ്രഹ്മണി ദെയ് ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍. 52കാരനായ സരോജ് കുമാര്‍ പ്രധാന്‍ ആണ് കൊല്ലപ്പെട്ടത്. നരസിംഗ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബന്ധഹുദയ്ക്ക് സമീപമാണ് ക്ഷേത്രം. കൊലപാതകം നടത്തിയ ശേഷം പൂജാരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ദൈവത്തിന്‍റെ കല്‍പന പ്രകാരമാണ് താന്‍ നരബലി നടത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊറോണ വൈറസിനെ നശിപ്പിക്കാന്‍ നരബലി നല്‍കണമെന്ന് ദൈവം സ്വപ്നത്തില്‍ പറഞ്ഞുവെന്നാണ് അവകാശവാദം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

മാവിന്‍ തോട്ടത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ടയാളും പൂജാരിയും തമ്മില്‍ കാലങ്ങളായി തര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഭവ സമയത്ത് പൂജാരി മദ്യപിച്ചിരുന്നുവെന്നും കൊലപാതകം നടത്തിയതിന് അടുത്ത ദിവസം അയാള്‍ സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും ഡിഐജി ആഷിഷ് കുമാര്‍ സിംഗ് പറഞ്ഞു.