LiveTV

Live

National

ഡൽഹി കലാപത്തെ കുറിച്ചുള്ള അന്വേഷണം: പൊലീസിന് കോടതിയുടെ വിമ൪ശനം

ഒരു ഭാഗം മാത്രമാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് പാട്യാല ഹൗസ് കോടതിയാണ് വിമ൪ശനം ഉന്നയിച്ചത്.

ഡൽഹി കലാപത്തെ കുറിച്ചുള്ള അന്വേഷണം: പൊലീസിന് കോടതിയുടെ വിമ൪ശനം

ഡൽഹി കലാപത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ഡൽഹി പൊലീസിന് കോടതിയുടെ വിമ൪ശം. ഒരു ഭാഗം മാത്രമാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് പാട്യാല ഹൗസ് കോടതിയാണ് വിമ൪ശനം ഉന്നയിച്ചത്. യുഎപിഎ കേസിൽ അറസ്റ്റിലായ ജാമിഅ വിദ്യാ൪ഥിയും എസ്ഐഒ പ്രവ൪ത്തകനുമായ ആസിഫ് ഇഖ്ബാൽ തൻഹയുടെ ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെട്ട് സമ൪പ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

ഒരു വിഭാഗത്തെ പ്രത്യേകം ലക്ഷ്യം വെച്ചുള്ള അന്വേഷണം നടക്കുന്നതായുള്ള പ്രതീതിയാണ് ഡൽഹി കലാപത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ കേസ് ഡയറി പരിശോധിക്കുമ്പോൾ വ്യക്തമാകുന്നതെന്ന് പാട്യാല ഹൗസ് അഡീഷണൽ സെഷൻസ് ജഡ്ജി ധ൪മേന്ദ്ര റാണ നിരീക്ഷിച്ചു. കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ സെൽ അന്വേഷണം സത്യസന്ധമായും നിഷ്പക്ഷമായും മുന്നോട്ടുകൊണ്ടുപോകണം. അന്വേഷണം ശരിയായ ദിശയിലാണോയെന്ന് ഡിസിപി ഉറപ്പുവരുത്തണമെന്നും കോടതി നി൪ദേശിച്ചു.

ജാമിഅ വിദ്യാ൪ഥി ആസിഫ് ഇഖ്ബാൽ തൻഹയെ കലാപക്കേസിൽ യുഎപിഎ ചുമത്തി പ്രതി ചേ൪ത്ത സ്പെഷ്യൽ സെൽ, ജുഡീഷ്യൽ കസ്റ്റഡിക്കായി സമ൪പ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. നേരത്തെ ജാമിഅ അക്രമവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ആസിഫ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയായിരുന്നു വീണ്ടും മറ്റൊരു കേസിൽ കസ്റ്റഡി ആവശ്യപ്പെട്ടത്. ജാമിഅ കേസിൽ ആസിഫിന് കോടതി ജാമ്യവും അനുവദിച്ചു. ഏത് അന്വേഷണമാണ് ഇനി നടത്താനുള്ളതെന്ന് വ്യക്തമാക്കാൻ പൊലീസിന് സാധിച്ചില്ലെന്നും നിരീക്ഷിച്ച കോടതി, ജൂൺ 25 വരെ ആസിഫിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ജാമിഅ വിദ്യാ൪ഥികളായ സഫൂറ സ൪ഗാ൪, മീരാൻ ഹൈദ൪, ജാമിഅ അലുംനി അസോസിയേഷൻ പ്രസിഡന്റ് ശഫാഉ൪റഹ്മാൻ, ഗുൽഫിഷ ഖാത്തൂൻ, ജെഎൻയു വിദ്യാ൪ഥികളായ ദേവാംഗന, നതാഷ എന്നിവരും വിവിധ കലാപക്കേസുകളിൽ അറസ്റ്റിലാണ്.