LiveTV

Live

National

വിമാന കമ്പനികള്‍ക്ക് വെട്ടുകിളി ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഡി.ജി.സി.എ

വിമാനങ്ങള്‍ വെട്ടുകിളി കൂട്ടത്തില്‍ പെട്ടാല്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചുള്ള വിശദമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

വിമാന കമ്പനികള്‍ക്ക് വെട്ടുകിളി ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഡി.ജി.സി.എ

രാജ്യത്തെ വിമാനങ്ങള്‍ക്കും വെട്ടുകിളികളുടെ വരവ് ഭീഷണിയാവുന്നുണ്ടെന്ന് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ മുന്നറിയിപ്പ്. വിമാനകമ്പനികള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് വെള്ളിയാഴ്ച്ച ഡി.ജി.സി.എ നല്‍കി. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണത്തിലൂടെയാണ് മധ്യ- വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ പ്രദേശങ്ങള്‍ കടന്നുപോകുന്നത്.

വിമാനങ്ങള്‍ ഇറങ്ങുമ്പോഴും പറന്നുയരുമ്പോഴും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. വിമാനം വെട്ടുകിളികൂട്ടത്തില്‍ പെട്ടാല്‍ വിമാനത്തിലേക്ക് വായു കടക്കുന്ന(എഞ്ചിന്‍, എ.സി തുടങ്ങിയ ഭാഗങ്ങള്‍) എല്ലാ ഭാഗത്തുകൂടെയും ഇവ കടക്കാനും കുഴപ്പങ്ങളുണ്ടാവാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അങ്ങനെ സംഭവിച്ചാല്‍ വിമാനത്തിന്റെ പല സെന്‍സറുകളുടെ ഉള്ളിലും വെട്ടുകിളികള്‍ എത്താനും കാറ്റിന്റെ വേഗത, സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം തുടങ്ങി സുപ്രധാന വിവരങ്ങളുടെ റീഡിംഗ് തെറ്റാനും സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പകര്‍പ്പ് ഡി.ജി.സി.എ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

വെട്ടുകിളികള്‍ ചെറിയ ജീവികളാണെങ്കിലും കൂട്ടമായെത്തുമ്പോള്‍ പൈലറ്റുമാരുടെ കാഴ്ച്ച തടസപ്പെടുന്ന രീതിയില്‍ പ്രത്യക്ഷപ്പെടാം. പ്രത്യേകിച്ച് വിമാനങ്ങള്‍ ലാന്റ് ചെയ്യുന്ന നിര്‍ണ്ണായക സമയത്ത് വെട്ടുകിളിക്കൂട്ടം കാഴ്ച്ച മറച്ചാല്‍ അപകടത്തിന് സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളില്‍ ഒരിക്കലും വൈപ്പറുകള്‍ ഉപയോഗിക്കരുതെന്നും വൈപ്പറുകള്‍ ഉപയോഗിച്ചാല്‍ കാഴ്ച്ച കൂടുതല്‍ തടസപ്പെടുമെന്നും ഡി.ജി.സി.എ പറയുന്നു.

വ്യോമ പാതയില്‍ നിന്നും വെട്ടുകിളി കൂട്ടങ്ങളെ പരമാവധി ഒഴിവാക്കുകയാണ് ഏറ്റവും സുരക്ഷിതം. രാത്രികാലങ്ങളില്‍ വെട്ടുകിളികള്‍ പറക്കാറില്ലെന്നത് മാത്രമാണ് ഏക ആശ്വാസമെന്നും കുറിപ്പിലുണ്ട്. രാജ്യത്തെ അരലക്ഷം ഹെക്ടര്‍ കൃഷിയെങ്കിലും ഇതിനകം തന്നെ വെട്ടുകിളികൂട്ടം നശിപ്പിച്ചെന്നാണ് കണക്കാക്കുന്നത്.