LiveTV

Live

National

'ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടാവാറില്ലേ? ട്രെയിനുകളില്‍ ആളുകള്‍ മരിക്കാറില്ലേ?' ബംഗാള്‍ ബിജെപി അധ്യക്ഷന്‍

ശ്രമിക് ട്രെയിനുകളിലെ അതിഥി തൊഴിലാളികളുടെ മരണം ഒറ്റപ്പെട്ട സംഭവമാണെന്ന് ബിജെപി നേതാവ്

'ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടാവാറില്ലേ? ട്രെയിനുകളില്‍ ആളുകള്‍ മരിക്കാറില്ലേ?' ബംഗാള്‍ ബിജെപി അധ്യക്ഷന്‍

ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളിലെ അതിഥി തൊഴിലാളികളുടെ മരണം ഒറ്റപ്പെട്ട സംഭവമാണെന്ന് പശ്ചിമ ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഇക്കാര്യത്തില്‍ റെയിൽവേയെ കുറ്റപ്പെടുത്താനാവില്ല. ട്രെയിന്‍ അപകടങ്ങള്‍ ഒരിക്കലും ഉണ്ടാവാറില്ല? ട്രെയിനുകളില്‍ ആളുകള്‍ മരിക്കാറില്ല? എന്നാണ് ദിലീപ് ഘോഷിന്‍റെ ചോദ്യം.

ഈ തിങ്കളാഴ്ച മുതല്‍ 9 അതിഥി തൊഴിലാളികളാണ് ട്രെയിനില്‍ മരിച്ചത്. ബിഹാറിലെ മുസാഫർപൂർ റെയിൽവെ സ്റ്റേഷനിൽ മരിച്ച അമ്മയെ കുട്ടി ഉണർത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ലോക്ക്ഡൌണിന് ശേഷം അതിഥി തൊഴിലാളികള്‍ നേരിടുന്ന ദുരിതത്തിന്‍റെ സാക്ഷ്യമായി ഇതുപോലെ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി.

നിർഭാഗ്യകരമായ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബിജെപി ബംഗാള്‍ അധ്യക്ഷന്‍ സമ്മതിച്ചു. എന്നാൽ റെയിൽ‌വേയെ കുറ്റപ്പെടുത്താനാവില്ല. അതിഥി തൊഴിലാളികളെ നാടുകളിലെത്തിക്കാന്‍ റെയില്‍വെ പരമാവധി ശ്രമിക്കുന്നുണ്ട്. ചില മരണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ദിലീപ് ഘോഷ് ന്യായീകരിച്ചു.

മാർച്ച് 25 മുതലാണ് കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ എവിടെയാണോ അവിടെ തുടരാനാണ് പ്രധാനമന്ത്രി നല്‍കിയ നിര്‍ദേശം. ഇതോടെ വിവിധയിടങ്ങളിലായി കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ മെയ് 1 മുതലാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. ഭക്ഷണവും ജോലിയുമില്ലാതെ ദുരിതത്തിലായ അതിഥി തൊഴിലാളികള്‍ തന്നെ ടിക്കറ്റ് ചാര്‍ജ് വഹിക്കേണ്ടിവന്നതും യാത്രക്കിടെ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതിരുന്നതും പ്രതിഷേധത്തിന് ഇടയാക്കി. ചിലരാകട്ടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കിലോമീറ്ററുകള്‍ കാല്‍നടയായി പോവാന്‍ തുടങ്ങി. ഇങ്ങനെ റെയില്‍വെ പാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞുകയറി ആളുകള്‍ മരിക്കുന്ന ദാരുണ സംഭവങ്ങളുമുണ്ടായി.