LiveTV

Live

National

''ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങള്‍ക്കെന്താ വെള്ളത്തിന്‍റെ ആവശ്യമൊന്നുമില്ലേ..'': ആശുപത്രിയില്‍ പ്രതിഷേധവുമായി യുപിയിലെ കോവിഡ് 19 രോഗികള്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിഷേധവുമായി കോവിഡ് 19 രോഗികള്‍.

''ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങള്‍ക്കെന്താ വെള്ളത്തിന്‍റെ ആവശ്യമൊന്നുമില്ലേ..'': ആശുപത്രിയില്‍ പ്രതിഷേധവുമായി യുപിയിലെ കോവിഡ് 19 രോഗികള്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിഷേധവുമായി കോവിഡ് 19 രോഗികള്‍. ആശുപത്രിയില്‍ രോഗികള്‍ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ് ഇപ്പോള്‍. മൂന്നു മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.

തങ്ങളെ മൃഗങ്ങളെപ്പോലെയാണ് ആശുപത്രി അധികൃതര്‍ പരിഗണിക്കുന്നതെന്ന് രോഗികള്‍ പരാതിപ്പെടുന്നത് വീഡിയോയില്‍ കാണാം. ഇന്നലെയാണ് ആശുപത്രിയില്‍ രോഗികളുടെ പ്രതിഷേധമുണ്ടായത്.

''നിങ്ങള്‍ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് കാണുന്നത്... ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങള്‍ക്കെന്താ വെള്ളത്തിന്‍റെ ആവശ്യമൊന്നുമില്ലേ..'' ആശുപത്രി കെട്ടിടത്തിന് ​മുന്നിൽനിന്ന്​ കോവിഡ്​ രോഗികളിലൊരാൾ രോഷത്തോടെ ചോദിക്കുന്നു. വീഡിയോ പകര്‍ത്തിയ ആള്‍ തന്‍റെ മൊബൈല്‍ ഫോണ്‍ ഒരല്‍പ്പം പാന്‍ ചെയ്യുന്നതോടെ ആശുപത്രിക്ക് പുറത്ത് തടിച്ച് കൂടിയിരിക്കുന്ന ജനങ്ങളെ വ്യക്തമായി കാണാം.. കൂട്ടത്തില്‍ ആശുപത്രിയുടെ ബോര്‍ഡും.

നിങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാറുണ്ടോ എന്ന് വീഡിയോ പകര്‍ത്തുന്ന വ്യക്തി പ്രതിഷേധക്കാരോട് ചോദിക്കുന്നുണ്ട്. എല്ലാവരും ഒരുമിച്ച് ഒരേ സ്വരത്തിലാണ് ഇല്ലായെന്ന് മറുപടി പറയുന്നത്. പലപ്പോഴും ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നും ശരിക്ക് പാചകം ചെയ്യാത്തതാണെന്നും രോഗികള്‍ പറയുന്നുണ്ട്. നല്ല ഭക്ഷണം ലഭിക്കാന്‍ ചില രോഗികള്‍ ആശുപത്രി അധികൃതര്‍ക്ക് പണം നല്‍കാറുണ്ടെന്നും അങ്ങനെ നല്‍കുന്നവര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാറുണ്ടെന്നും പ്രതിഷേധത്തിനിറങ്ങിയ രോഗികള്‍ പറഞ്ഞു.

ഞങ്ങള്‍ പണം തരാന്‍ തയ്യാറാണ്.. ഈ അവസ്ഥയില്‍ ഇവിടെ തുടരാനാകില്ല.. ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍, ഞങ്ങള്‍ ഞങ്ങളുടെ വീട്ടിലേക്ക് പോകും.. നിങ്ങള്‍ അധികാരികളെ അറിയിച്ചോളൂ എന്ന് പറയുന്നു രോഗിയായ ഒരു സ്ത്രീ.

ആശുപത്രിയിലെ ജലവിതരണം അല്‍പസമയം തടസ്സപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. രണ്ട് മണിക്കൂറിന് ശേഷം ജലവിതരണം പുനഃസ്ഥാപിച്ചെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വൈദ്യുതബന്ധം നിലച്ചതാണ്​ കുടിവെള്ളം മുടങ്ങാന്‍ കാരണമായത്. ഒരു ഇലക്ട്രീഷനെ കണ്ടെത്തി വൈദ്യതബന്ധം പുനഃസ്ഥാപിച്ച ഉടനെ തന്നെ ജലവിതരണം പൂര്‍വസ്ഥിതിയിലായതായി പ്രയാഗ്​രാജ്​ ചീഫ്​മെഡിക്കൽ ഓഫിസർ അറിയിച്ചു.

ഇത് ആദ്യമായല്ല ഉത്തർ പ്രദേശിൽ കോവിഡ്​രോഗികൾ ആശുപത്രിയിലെ അസൗകര്യങ്ങൾ വിവരിച്ച്​പ്രതിഷേധിക്കുന്നത്​. വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സംസ്ഥാന ആരോഗ്യ വിഭാഗം ​കോവിഡ്​രോഗികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്​ വിലക്കേർപ്പെടുത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ​പിന്നീട് ആ ​ഉത്തരവ് ​പിൻവലിച്ചു.