LiveTV

Live

National

അര്‍ണബ് ഗോസ്വാമിക്കെതിരായ ആത്മഹത്യാ പ്രേരണ പരാതി പുനരന്വേഷിക്കാന്‍ ഉത്തരവ്

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

അര്‍ണബ് ഗോസ്വാമിക്കെതിരായ ആത്മഹത്യാ പ്രേരണ പരാതി പുനരന്വേഷിക്കാന്‍ ഉത്തരവ്

റിപബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള ആത്മഹത്യാ പ്രേരണ ആരോപണം പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന സിഐഡി വിഭാഗമാണ് അന്വേഷിക്കുകയെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

ഇന്‍റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പുനരന്വേഷണം. 2018 മെയില്‍ റായിഗഡിലെ അലിബാഗിലെ വീട്ടിലാണ് ഇരുവരും ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അര്‍ണബ് ഗോസ്വാമിക്കെതിരെയും മറ്റ് രണ്ട് പേര്‍ക്കെതിരെയും അലിഭാഗ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്‍വായ് നായിക്കിന്‍റെ മകളുടെ അപേക്ഷ പരിഗണിച്ചാണ് പുനരന്വേഷണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. ആര്‍കിടെക്ട്, ഇന്‍റീരിയര്‍ ഡിസൈന്‍ കമ്പനിയായിരുന്നു ഇത്. റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ സ്റ്റുഡിയോ ഡിസൈന്‍ ചെയ്തതിന്‍റെ തുക കൊടുത്തു തീര്‍ത്തതാണെന്നാണ് റിപബ്ലിക്ക് ടി.വിയുടെ പ്രതികരണം.

അര്‍ണബിന് കുരുക്ക് മുറുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

വിദ്വേഷ പരാമര്‍ശ കേസിലും അര്‍ണബ് അന്വേഷണം നേരിടുകയാണ്. മഹാരാഷ്ട്രയിലെ പല്‍ഗറില്‍ ഹിന്ദു സന്യാസി ആള്‍ക്കൂട്ടക്കൊലക്കിരയായ സംഭവം ഏപ്രില്‍ 21ന് റിപബ്ലിക് ടി.വിയില്‍ നടത്തിയ ചര്‍ച്ചയില്‍ അര്‍ണബ് ഗോസ്വാമി വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് വിവിധ സംസ്ഥാനങ്ങളിലായി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സോണിയ ഗാന്ധിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും പരാതിക്ക് കാരണമായിട്ടുണ്ട്. ബാന്ദ്രയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെ വര്‍ഗീയവല്‍ക്കരിച്ച് അവതരിപ്പിച്ചെന്നാണ് രണ്ടാമത്തെ പരാതി. അര്‍ണബ് തന്റെ ടെലിവിഷന്‍ ഷോകളിലൂടെ പൊലീസിനെ വിരട്ടുന്നുവെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നു.

തനിക്കെതിരായ കേസ് സിബിഐക്ക് വിടണമെന്ന് അര്‍ണബ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയുണ്ടായി. മഹാരാഷ്ട്ര പൊലീസിനെതിരെ അര്‍ണബ് പരിപാടിയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടെന്നും അതിനാല്‍ അതേ പൊലീസ് കേസ് അന്വേഷിച്ചാല്‍ നിഷ്പക്ഷമാവില്ലെന്നുമായിരുന്നു വാദം. ഈ ആവശ്യം കോടതി തള്ളി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവും തള്ളി. അതേസമയം അറസ്റ്റിനുള്ള സ്റ്റേ കോടതി നീട്ടിയിട്ടുണ്ട്.