LiveTV

Live

National

മുംബൈയില്‍ നിന്നും വാരാണസിയിലെത്തിയ ശ്രമിക് ട്രയിനിലെ രണ്ട് പേര്‍ മരിച്ച നിലയില്‍

ട്രയിനുകള്‍ വൈകുന്നതിനൊപ്പം പട്ടിണിയും കനത്ത ചൂടുമാണ് നാട്ടിലേക്ക് തിരിക്കുന്ന തൊഴിലാളികളില്‍ പലര്‍ക്കും നേരിടേണ്ടി വരുന്നത്. രാജ്യത്തെ പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ 50 ഡിഗ്രിക്കടുത്താണ്താപനില...

മുംബൈയില്‍ നിന്നും വാരാണസിയിലെത്തിയ ശ്രമിക് ട്രയിനിലെ രണ്ട് പേര്‍ മരിച്ച നിലയില്‍

ഇന്ന് രാവിലെ 08.20ഓടെയാണ് മുംബൈയില്‍ നിന്നുള്ള ശ്രമിക്(തൊഴിലാളി) ട്രെയിന്‍ ഉത്തര്‍പ്രദേശിലെ വരാണസിയിലെത്തുന്നത്. ഈ ട്രെയിനിലുണ്ടായിരുന്ന 1500ഓളം യാത്രക്കാരില്‍ രണ്ട് പേര്‍ക്ക് യാത്രക്കിടെ ജീവന്‍ നഷ്ടമായി. മരണകാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്നാണ് റെയില്‍വേ പൊലീസ് നല്‍കുന്ന ഔദ്യോഗിക വിശദീകരണം. ഭക്ഷണവും വെള്ളവും ലഭിക്കാത്തതും ദിവസങ്ങള്‍ വൈകുന്നതും പല ശ്രമിക് ട്രെയിന്‍ യാത്രകളേയും ദുരിതമയമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മാര്‍ച്ച് 24നാണ് കോവിഡിനെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പൊതുഗതാഗത സംവിധാനങ്ങള്‍ എല്ലാം റദ്ദാക്കിയതോടെ ലക്ഷക്കണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലെത്തുക അസാധ്യമോ അതിസാഹസിക യാത്രയോ ആയി മാറി. ആയിരത്തിലേറെ കിലോമീറ്റര്‍ കാല്‍നടയായി നിരവധി തൊഴിലാളികളാണ് ലോക്ഡൗണിനിടെ നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ റോഡപകടങ്ങളില്‍ മാത്രം 170ലേറെ പേര്‍ കൊല്ലപ്പെട്ടു.

മാതാവ് മരിച്ചതറിയാതെ ഒരേ പുതപ്പില്‍ കളിക്കുന്ന കുട്ടി, പകിട്ടില്ലാത്ത ലോക്ഡൗണ്‍ കാഴ്ചകള്‍
Also Read

മാതാവ് മരിച്ചതറിയാതെ ഒരേ പുതപ്പില്‍ കളിക്കുന്ന കുട്ടി, പകിട്ടില്ലാത്ത ലോക്ഡൗണ്‍ കാഴ്ചകള്‍

ഏപ്രില്‍ 29നാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് വേണ്ടി ശ്രമിക് ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. നിരവധി സാങ്കേതിക നൂലാമാലകളിലൂടെ സഞ്ചരിച്ചാണ് തൊഴിലാളികള്‍ ഓരോ ട്രയിന്‍ ടിക്കറ്റുകളും സ്വന്തമാക്കുന്നത്. പൊകേണ്ട സംസ്ഥാനവും തൊഴിലാളികള്‍ നിലവിലുള്ള സംസ്ഥാനവും അംഗീകരിച്ച ശേഷമാണ് ഓരോ തൊഴിലാളിക്കും ടിക്കറ്റ് ലഭിച്ചത്. ഇതിന് ശേഷവും പല ട്രയിനുകളും റദ്ദാക്കി. ഈ ദുരിതപര്‍വ്വത്തിനപ്പുറം ടിക്കറ്റ് ലഭിച്ച് യാത്ര ആരംഭിച്ചാലും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെന്നാണ് പല തൊഴിലാളികളുടേയും അനുഭവം.

മെയ് 25 വരെ 3274 ശ്രമിക് ട്രെയിനുകള്‍ രാജ്യത്ത് ഓടിയെന്നാണ് റെയില്‍വേ അറിയിക്കുന്നത്. ഏതാണ്ട് 44 ലക്ഷത്തിലേറെ തൊഴിലാളികളാണ് ശ്രമിക് ട്രയിനുകളില്‍ സഞ്ചരിച്ചത്. എങ്കിലും പല ട്രയിനുകളും ദിവസങ്ങള്‍ വൈകിയത് തൊഴിലാളികളുടെ ദുരിതം കൂട്ടി. ചിലര്‍ ഇക്കാര്യം സോഷ്യല്‍മീഡിയ വഴി റെയില്‍വേ മന്ത്രിയെ തന്നെ അറിയിക്കാനും ശ്രമിച്ചു.

ബംഗളൂരുവില്‍ നിന്നും മെയ് 20ന് ഉച്ചക്ക് 2.45ന് യാത്ര തിരിച്ച ട്രയിന്‍ ബിഹാറിലെത്തിയത് മെയ് 24ന് പുലര്‍ച്ചെ നാലിനാണ്. സാധാരണ രണ്ട് ദിവസമെടുക്കുന്ന യാത്രയാണ് ഇരട്ടിയിലേറെ സമയമെടുത്തത്. ഇതിനിടെ സ്റ്റേഷനുകളിലും അല്ലാത്തിടത്തും ട്രയിനുകള്‍ മണിക്കൂറുകള്‍ പിടിച്ചിട്ടുവെന്നാണ് യാത്രികനെ ഉദ്ധരിച്ച് സ്‌ക്രോള്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേന്ദ്രവും റെയില്‍വേയും എല്ലാ സൗകര്യവും നല്‍കിയെന്ന് യാത്രക്കാരി പറയുന്ന വീഡിയോ പിയൂഷ് ഗോയല്‍ ട്വീറ്റു ചെയ്തിരുന്നു. ഇതിന് മറുപടിയായി 12 മണിക്കൂര്‍ വെള്ളം കിട്ടാതെ ട്രെയിന്‍ പിടിച്ചിട്ടപ്പോള്‍ എത്തിയ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വെള്ളം ശേഖരിക്കാനുള്ള തിരക്കിന്റെ വീഡിയോ ഒരാള്‍ പങ്കുവെച്ചു.

ട്രയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നതിനൊപ്പം പട്ടിണിയും കനത്ത ചൂടുമാണ് വരുമാനവും ഭക്ഷണവുമില്ലാതെ നാട്ടിലേക്ക് തിരിക്കുന്ന തൊഴിലാളികളില്‍ പലര്‍ക്കും നേരിടേണ്ടി വരുന്നത്. രാജ്യത്തെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 50 ഡിഗ്രിക്കടുത്താണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രക്കിടെ മരിച്ച അന്തര്‍ സംസ്ഥാന തൊഴിലാളിയായ മാതാവിനടുത്തിരുന്ന് കളിക്കുന്ന കുഞ്ഞിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

ശ്രമിക് ട്രെയിനുകള്‍ വൈകുന്നതിന് കാരണം പാതകളിലെ ട്രയിനുകളുടെ തിരക്കാണെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. 80 ശതമാനം ശ്രമിക് ട്രെയിനുകളും ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കും പോകുന്നവയാണ്. ഇവിടങ്ങളിലേക്കുള്ള പാതയില്‍ തിരക്കേറിയതോടെ 40 ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടെന്ന് മെയ് 26ന് വാര്‍ത്താക്കുറിപ്പിലൂടെ പി.ഐ.ബി അറിയിച്ചിരുന്നു. ഇത്തരം തിരിച്ചുവിടലുകളും ദുരിതയാത്രകളുടെ നീളം മണിക്കൂറുകളോളം നീട്ടുന്നുണ്ട്.

വരാണസിയിലെത്തിയ ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് യാത്രികരില്‍ ഒരാള്‍ ശാരീരിക പരിമിതികള്‍ ഉള്ളയാളാണ്. ഇയാള്‍ക്ക് അസുഖങ്ങളുണ്ടായിരുന്നതായി കുടുംബം അറിയിച്ചുവെന്നാണ് റെയില്‍വേ പൊലീസ് വ്യക്തമാക്കുന്നത്. ജീവന്‍ നഷ്ടമായ രണ്ടാമത്തെയാളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

കടപ്പാട്: scroll.in/