LiveTV

Live

National

പൊതുവെ ഏകാകികള്‍‍, കൂട്ടമായെത്തുമ്പോള്‍ അപകടകാരികള്‍‍; ഉത്തരേന്ത്യയെ വിറപ്പിക്കുന്ന വെട്ടുകിളികളെ കുറിച്ച്..

മരുഭൂമിയിലെ വെട്ടുകിളികള്‍ ലോകത്തിലെ ദേശാടന കീടങ്ങളിൽ ഏറ്റവും അപകടകാരികളാണ്.

പൊതുവെ ഏകാകികള്‍‍, കൂട്ടമായെത്തുമ്പോള്‍ അപകടകാരികള്‍‍; ഉത്തരേന്ത്യയെ വിറപ്പിക്കുന്ന വെട്ടുകിളികളെ കുറിച്ച്..

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിളവെടുപ്പിന് തയ്യാറായ പാടങ്ങളില്‍ വെട്ടുകിളി ശല്യം (ലോകസ്റ്റ്) രൂക്ഷം. മധ്യപ്രദേശ്, രാജസ്ഥാൻ, യുപി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് വ്യാപകമായി വെട്ടുകിളി ശല്യം തുടരുന്നത്. കോടികളുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു.

27 വർഷത്തിനിടയിൽ കാർഷിക മേഖല നേരിടുന്ന വലിയ വെട്ടുകിളി ആക്രമണമാണിത്. മെയ് 17ന് മധ്യപ്രദേശിലെ മന്ദ സോറിലാണ് ആദ്യം ആക്രമണം ഉണ്ടായത്. മധ്യപ്രദേശിലെ 12ഉം രാജസ്ഥാനിലെ 16ഉം ജില്ലകളിലാണ് വെട്ടുകിളി ആക്രമണം വലിയ തോതിൽ ഉണ്ടായത്. നിലവിൽ യുപിയിലെ ഝാൻസി, ആഗ്ര എന്നിവിടങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്.

രണ്ട് ലക്ഷം ഹെക്ടറിലധികം വിള നശിപ്പിച്ചതായാണ് റിപ്പോർട്ട്. വെട്ടുകിളികളെ ഇല്ലാതാക്കുന്നതിന് കേന്ദ്രത്തിന്റെ 4 സംഘവും ഈ മേഖലകളിൽ സന്ദർശനം നടത്തുന്നുണ്ട്. മരുന്ന് സ്പ്രേ ചെയ്തും വൻ ശബ്ദമുണ്ടാക്കിയും വെട്ടുകിളികളെ തുരത്താനാണ് ശ്രമം. 8000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മധ്യപ്രദേശിലെ വിദഗ്ധർ വ്യക്തമാക്കി.

ലോകസ്റ്റിനെ കുറിച്ച് 10 കാര്യങ്ങള്‍

ലോകസ്റ്റ് കാഴ്ചയില്‍ സാധാരണ വെട്ടുകിളികളെപ്പോലെയാണ്. രണ്ട് വലിയ പിൻ‌കാലുകളുണ്ട്. അവ തനിച്ച് ജീവിക്കുന്നവരാണ്. പക്ഷേ വേനലില്‍ കൂട്ടമായെത്തുന്നതോടെ അപകടകാരികളായി കൃഷി നശിപ്പിക്കുന്നു

വെട്ടുകിളികള്‍ സസ്യം മാത്രം കഴിക്കുന്നു. അവ കൂട്ടംകൂടുമ്പോള്‍ ഒരു ഹോർമോൺ ഉണ്ടാവുകയും അതവയെ പരസ്പര സഹകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു‍.

വെട്ടുകിളികള്‍ ബഹുദൂരം (മൈലുകൾ) സഞ്ചരിക്കുന്നു. അന്തരീക്ഷത്തില്‍ അവ വ്യാപിച്ചുകിടക്കും. വൻതോതിൽ വിളനാശമുണ്ടാക്കാൻ ഇവയ്ക്ക് കഴിയും. നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കകം വെട്ടുകിളികള്‍ക്ക് വിള പൂര്‍ണമായി നശിപ്പിക്കാന്‍ കഴിയും.

കിഴക്കൻ ആഫ്രിക്കയിലും സുഡാനിലും ജനിച്ച് മരുഭൂമി വെട്ടുകിളികൾ സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ പാകിസ്താനിലേക്കും ഇന്ത്യയിലേക്കും സഞ്ചരിക്കുന്നു. വലിയ കൂട്ടം ചെറിയ കൂട്ടങ്ങളായി പിരിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നു

രാജസ്ഥാൻ മുതൽ ഉത്തർപ്രദേശ് വരെ വെട്ടുകിളികളുടെ കൂട്ടം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. വിളകളും മേച്ചിൽപ്പുറങ്ങളും അതിവേഗം നശിപ്പിക്കുന്നു. രാജസ്ഥാനിലെ 33 ജില്ലകളിൽ 16 എണ്ണം വെട്ടുകിളി ആക്രമണത്തിലാണ്. സംസ്ഥാനത്തെ ഖരിഫ് വിള അപകടത്തിലാണ്.

പൊതുവെ ഏകാകികള്‍‍, കൂട്ടമായെത്തുമ്പോള്‍ അപകടകാരികള്‍‍; ഉത്തരേന്ത്യയെ വിറപ്പിക്കുന്ന വെട്ടുകിളികളെ കുറിച്ച്..

വെട്ടുകിളികൾ ഈ ആഴ്ച ആദ്യം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങിന്റെ നിയോജക മണ്ഡലമായ ബുധ്നിയിൽ പ്രവേശിച്ചു. നീമുച്ച് ജില്ലയിലൂടെ മാൽവ നിമാറിന്റെ ചില ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു.

ഈ കൂട്ടങ്ങളെ ഉടൻ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ 8000 കോടി രൂപ വിലമതിക്കുന്ന വിള തീര്‍ത്തും നശിക്കുമെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള മുന്നറിയിപ്പ്.

വെട്ടുകിളികള്‍ക്കെതിരെ തുടർച്ചയായി ജാഗ്രത പാലിക്കാൻ മധ്യപ്രദേശ് കൃഷി വകുപ്പ് ദുരിതബാധിത ജില്ലകളിലെ കർഷകർക്ക് നിര്‍ദേശം നൽകി. ഡ്രമ്മുകളിലൂടെ വലിയ ശബ്ദങ്ങൾ കേള്‍പ്പിച്ചും പാത്രങ്ങൾ കൊട്ടിയും പ്രാണികളെ ഓടിക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു

ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) അഭിപ്രായത്തിൽ, മരുഭൂമിയിലെ വെട്ടുകിളികള്‍ ലോകത്തിലെ ദേശാടന കീടങ്ങളിൽ ഏറ്റവും അപകടകാരിയാണ്. ഇത് ജനങ്ങളുടെ ഉപജീവന മാർഗം, ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി, സമ്പദ് വ്യവസ്ഥ എന്നിവയ്ക്ക് ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗോളതാപനം വെട്ടുകിളി ആക്രമണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. മഴ കുറയുമ്പോള്‍ വെട്ടുകിളി ആക്രമണം കൂടും.