LiveTV

Live

National

നേപ്പാളില്‍ കോവിഡ് പടരാന്‍ കാരണം ഇന്ത്യയെന്ന് പ്രധാനമന്ത്രി ശര്‍മ ഒലി

മതിയായ പരിശോധന ഇല്ലാതെ അതിര്‍ത്തി കടന്നെത്തുന്ന ഇന്ത്യക്കാരാണ് കോവിഡ് വ്യാപനത്തിന് കാരണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

നേപ്പാളില്‍ കോവിഡ് പടരാന്‍ കാരണം ഇന്ത്യയെന്ന് പ്രധാനമന്ത്രി ശര്‍മ ഒലി

നേപ്പാളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം ഇന്ത്യയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. മതിയായ പരിശോധന ഇല്ലാതെ അതിര്‍ത്തി കടന്നെത്തുന്ന ഇന്ത്യക്കാരാണ് കോവിഡ് വ്യാപനത്തിന് കാരണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ആരോപിച്ചു.

നേപ്പാളില്‍ 682 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. നാല് പേര്‍ മരിച്ചു. നേപ്പാളില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്നലെയാണ് ഇന്ത്യക്കെതിരെ ശര്‍മ ഒലി ആരോപണവുമായെത്തിയത്. ഇന്നലെ 79 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ജൂണ്‍ 2 വരെ നേപ്പാളില്‍ ലോക്ക്ഡൌണ്‍ നീട്ടി.

'മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് നേപ്പാളില്‍ മരണ നിരക്ക് കുറവാണ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ കൃത്യമായ പരിശോധനകള്‍ കൂടാതെയാണ് വരുന്നത്. ഇത് കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നു' എന്നാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.

കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ ഒരു ലാബ് മാത്രമാണ് രാജ്യത്ത് കോവിഡ് പരിശോധനക്ക് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇരുപതോളം ലാബുകളില്‍ കോവിഡ് പരിശോധന നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നേരത്തെയും നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ മാരകമായി തോന്നുന്നുവെന്നാണ് മെയ് 20ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഒലി പറഞ്ഞത്. അനധികൃത മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ നിന്ന് വരുന്നവരാണ് രാജ്യത്ത് വൈറസ് പടര്‍ത്തിയതെന്നും ശര്‍മ ഒലി ആരോപിച്ചു.