LiveTV

Live

National

മലയാളി നഴ്സിന്‍റെ മരണം: ചികിത്സാ പിഴവുണ്ടായെന്ന് കുടുംബം, ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വീണ്ടും ധരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടെന്ന് സഹപ്രവര്‍ത്തകര്‍

വെന്റിലേറ്റർ സൗകര്യം കൃത്യ സമയത്ത് നൽകിയിരുന്നെങ്കിൽ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

മലയാളി നഴ്സിന്‍റെ മരണം: ചികിത്സാ പിഴവുണ്ടായെന്ന് കുടുംബം, ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വീണ്ടും ധരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടെന്ന് സഹപ്രവര്‍ത്തകര്‍

ഡല്‍ഹിയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്സിന് ചികിത്സ നല്‍കിയതില്‍ പിഴവുണ്ടായെന്ന് കുടുംബം. വെന്റിലേറ്റർ സൗകര്യം കൃത്യ സമയത്ത് നൽകിയിരുന്നെങ്കിൽ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും ബന്ധുക്കള്‍ പരാതി നൽകും. ഡൽഹി സഫ്ദർജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പത്തനംതിട്ട സ്വദേശിയായ നഴ്സ് അംബിക മരിച്ചത്.

കാല്‍റ ആശുപത്രിയിലെ നഴ്സായിരുന്നു അംബിക. ഗ്ലൌസും മാസ്കും ഉള്‍പ്പെടെ പിപിഇ കിറ്റുകള്‍ പുനരുപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതുകൊണ്ടാണ് അംബികക്ക് കോവിഡ് ബാധയേറ്റതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഡോക്ടര്‍മാര്‍ക്ക് പുതിയ പിപിഇ കിറ്റുകള്‍ നല്‍കുമ്പോള്‍ നഴ്‌സ്മാരോട് ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ പറയാറുണ്ട്. എതിര്‍ത്താല്‍ ഇത് കോവിഡ് ആശുപത്രി അല്ലാത്തതിനാല്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് ഉപയോഗിച്ച പി.പി.ഇ കിറ്റ് തന്നെ വീണ്ടും ഉപയോഗിക്കാന്‍ പറയാറുണ്ടെന്ന് അംബികയുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പി.പി.ഇ കിറ്റുകളും മാസ്‌കും കിട്ടാത്തതിനാല്‍ അംബികയും നഴ്സിങ് ഇന്‍ ചാര്‍ജും തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ടെന്ന് സഹപ്രവര്‍ത്തക പറഞ്ഞു. ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും മാസ്‌കുകള്‍ക്ക് പണം ഈടാക്കുന്നുണ്ടെന്നും അമ്മ പറഞ്ഞതായി മകനും വെളിപ്പെടുത്തി. എന്നാല്‍ ആശുപത്രി ഉടമ ഡോ. ആര്‍.എന്‍ കാല്‍റ ആരോപണങ്ങള്‍ നിഷേധിച്ചു. പി.പി.ഇ കിറ്റുകള്‍ എല്ലാവര്‍ക്കും നല്‍കാറുണ്ടെന്നും ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഡോ.കാല്‍റ പറഞ്ഞു.

മേയ് 18 വരെ അംബിക ജോലി ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ പനിയും കഠിനമായ തൊണ്ടവേദനയും ശരീര വേദനയും ഉണ്ടായി. മേയ് 21ന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് സഫ്ദര്‍ജങ് ആശുപത്രിയില്‍ കൊണ്ടുപോയി. മെയ് 24ന് അംബിക മരിച്ചു. 10 വര്‍ഷമായി കാല്‍റ ആശുപത്രിയിലാണ് അംബിക ജോലി ചെയ്തിരുന്നത്.