LiveTV

Live

National

പല സംസ്ഥാനങ്ങളും തൊഴിലാളികളെ നല്ല രീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന് യോഗി ആദിത്യനാഥ്

മുംബൈയില്‍ നിന്നും മടങ്ങിയെത്തിയ 75 ശതമാനം തൊഴിലാളികള്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ പകുതി പേര്‍ക്കും കോവിഡ് ഉണ്ടെന്നും യോഗി

പല സംസ്ഥാനങ്ങളും തൊഴിലാളികളെ നല്ല രീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന് യോഗി ആദിത്യനാഥ്

തിരിച്ചെത്തിയ അന്തര്‍ സംസ്ഥാന തൊഴിലാളികളെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനി വിട്ടുകൊടുക്കണമെങ്കില്‍ യു.പി സര്‍ക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനാണ് നടപടിയെന്നും തൊഴിലാളികള്‍ക്കായി പ്രത്യേകം കമ്മീഷന്‍ രൂപവത്ക്കരിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. ആര്‍.എസ്.എസ് ഔദ്യോഗിക മാധ്യമങ്ങളായ ഓര്‍ഗനൈസറുമായും പാഞ്ച്ജന്യയുമായി സംവദിക്കുമ്പോഴായിരുന്നു യോഗി ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്.

'ഈ തൊഴിലാളികള്‍ ഉത്തര്‍പ്രദേശിന്റെ സമ്പത്താണ്. ഇവര്‍ക്ക് യു.പിയില്‍ തൊഴില്‍ ഉറപ്പുവരുത്തുന്നതിനായി പ്രത്യേകം തൊഴിലാളി കമ്മീഷന്‍ സ്ഥാപിക്കും. പല സംസ്ഥാനങ്ങളും തൊഴിലാളികളെ നല്ല രീതിയിലല്ല കൈകാര്യം ചെയ്തത്. ഏതെങ്കിലും സംസ്ഥാനത്തിന് തൊഴിലാളികളെ ആവശ്യമാണെങ്കില്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടണം'
യോഗി ആദിത്യനാഥ്

എല്ലാ തൊഴിലാളികളുടേയും കഴിവുകളും മേഖലകളും തരം തിരിച്ചറിയേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ വിട്ടുകൊടുക്കുന്നത് അവര്‍ നല്‍കുന്ന സാമൂഹ്യ സാമ്പത്തിക സൗകര്യങ്ങള്‍ കൂടി പരിഗണിച്ചാകുമെന്നും യോഗി പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തനാണ് പ്രത്യേകം കമ്മീഷനെ നിയമിക്കുന്നത്. ഇന്‍ഷുറന്‍സ്, സാമൂഹ്യ സുരക്ഷ, വീണ്ടും ജോലിക്കുള്ള അവസരം, തൊഴിലില്ലായ്മ വേതനം തുടങ്ങി പല കാര്യങ്ങളും ഈ കമ്മീഷന്റെ പരിധിയില്‍ വരുമെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.

"ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തത് യോഗി അന്തര്‍ സംസ്ഥാന തൊഴിലാളികളോട് ചെയ്യുന്നു"
Also Read

"ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തത് യോഗി അന്തര്‍ സംസ്ഥാന തൊഴിലാളികളോട് ചെയ്യുന്നു"

ഇതുവരെ ഉത്തര്‍പ്രദേശിലേക്ക് 23 ലക്ഷം തൊഴിലാളികളാണ് മടങ്ങിയെത്തിയത്. മുംബൈയില്‍ നിന്നും മടങ്ങിയെത്തിയ 75 ശതമാനം തൊഴിലാളികള്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ പകുതി പേര്‍ക്കും കോവിഡ് ഉണ്ടെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. അടുത്ത ആഴ്ച്ചക്കുള്ളില്‍ എല്ലാ അന്തര്‍ സംസ്ഥാന തൊഴിലാളികളും ഉത്തര്‍പ്രദേശിലേക്ക് തിരിച്ചെത്തുമെന്നും ഇവരുടെ പരിശോധനക്കും ക്വാറന്റെയ്‌നുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.