ഉംപുൻ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; പശ്ചിമബംഗാൾ സാധാരണ നിലയിലേക്ക്

ഉംപുൻ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല് ബാധിച്ച പശ്ചിമബംഗാൾ സാധാരണ നിലയിലേയ്ക്ക് മാറി കൊണ്ടിരിക്കുന്നു. ഇന്നലെ മുതൽ കാര്യമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചുഴലിക്കാറ്റ് ദുരിതം വിതച്ച പശ്ചിമ ബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തി. പശ്ചിമ ബംഗാളിന് 1000 കോടിയും ഒഡീഷയ്ക്ക് 500 കോടിയും സഹായധനം പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാളിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. എന്നാൽ റോഡ്, കുടിവെള്ളം, ടെലിഫോൺ,വൈദ്യുതി ബന്ധങ്ങൾ പൂർണ്ണമായും പുനസ്ഥാപിക്കാനായിട്ടില്ല. തകർന്ന റോഡുകളിൽ 50% മാത്രമേ പുനസ്ഥാപിക്കാൻ കഴിഞ്ഞുള്ളൂ. വൈദ്യുതി പൂർവ്വസ്ഥിതിയിൽ ലഭിക്കണമെങ്കിൽ രണ്ടോ മൂന്നോ ദിവസം എടുത്തേക്കും. പലയിടങ്ങ ളിലും കുടിവെള്ള വിതരണം തുടങ്ങാനായിട്ടില്ല. ദുരന്തമേഖലയിലെ 70 ശതമാനം ടെലിഫോണുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. മൂന്ന് ദിവസമായി തുടരുന്ന സ്തംഭനാവസ്ഥയിൽ പ്രതിഷേധിച്ച് കൊൽക്കത്ത നഗരത്തിൽ ജനങ്ങൾ പ്രകടനം നടത്തി.
സംസ്ഥാനത്തെ 14 ജില്ലകളിൽ വൻതോതിൽ കൃഷി നശിച്ചു. ഹുഗ്ളി, ബിർബൂം ജില്ലകളിൽ മാത്രം 1000 കോടിയുടെ കൃഷി നശിച്ചു. ചുഴലിക്കാറ്റിൽ നൂറുകണക്കിന് വീടുകളാണ് തകർന്നത്. അതേ സമയം, ദുരന്തത്തെ നേരിടാൻ യൂറോപ്യൻ യൂണിയൻ 5 ലക്ഷം യൂറോ പശ്ചിമബംഗാളിന് അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സംസ്ഥാനത്തെ ദുരന്തമേഖലകൾ സന്ദർശിച്ചു. ബംഗാളിന് 1000 കോടിയുടെ ധനസഹായമാണ് മോദി പ്രഖ്യാപിച്ചത്. പിന്നീട് ഒഡീഷയിലെത്തിയ പ്രധാനമന്ത്രി, മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി സ്ഥിതിഗതികൾ വിലയിരുത്തി. 500 കോടിയുടെ ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ ഫലപ്രദമായി നേരിട്ട സർക്കാരിനെയും ജനങ്ങളെയും പ്രധാന മന്ത്രി അഭിനന്ദിച്ചു.