LiveTV

Live

National

41 നിലയൊന്നും കാറ്റിന് പ്രശ്നമല്ല; ശരിക്കും ഭീതിജനകം ആ രാത്രി: ഉംപുന്‍ അഞ്ഞടിച്ച രാത്രിയില്‍, തന്‍റെ ഫ്ലാറ്റില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത് മാധ്യമപ്രവര്‍ത്തക

ഞാനും എന്‍റെ കുടുംബവും ശരിക്കും പേടിച്ചു. ഇത്തരമൊരു അവസ്ഥ ജീവിതത്തില്‍ നേരിടേണ്ടിവരുമെന്ന് അതുവരെ ചിന്തിച്ചിരുന്നില്ല

41 നിലയൊന്നും കാറ്റിന് പ്രശ്നമല്ല; ശരിക്കും ഭീതിജനകം ആ രാത്രി: ഉംപുന്‍ അഞ്ഞടിച്ച രാത്രിയില്‍, തന്‍റെ ഫ്ലാറ്റില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത് മാധ്യമപ്രവര്‍ത്തക

ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ ഉണ്ടാക്കിയിരിക്കുന്ന നാശനഷ്ടങ്ങള്‍ അനവധിയാണ്. ഉംപുന്‍ കോവിഡിനേക്കാള്‍ പ്രഹരമേല്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞിരുന്നു. ബുധനാഴ്ച ഉച്ച 2.30 ഓടുകൂടിയാണ് ഉംപുന്‍ സംസ്ഥാനത്ത് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ബംഗാളില്‍ ആദ്യമുണ്ടായത് മണ്ണിടിച്ചലാണ്. തുടര്‍ന്ന് കനത്ത കാറ്റും മഴയും.. അത് അടുത്ത ദിവസം രാവിലെ വരെ തുടര്‍ന്നു. നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി. വൈദ്യുതി നിലച്ചു. നിരവധി പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തിലാണ്.

കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതിന് തൊട്ടുമുമ്പായും കാറ്റടിച്ചുകൊണ്ടിരിക്കുമ്പോഴും ഒരു കുടുംബത്തിന്‍റെ അവസ്ഥയും കൂടെ കൊല്‍ക്കത്ത നഗരത്തിന്‍റെ അവസ്ഥയും വരച്ചിടുന്ന മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. കൊല്‍ക്കത്തയിലെ 41 ാം നിലയിലുള്ള തന്‍റെ ഫ്ലാറ്റില്‍ നിന്നാണ് അവര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ക്വിന്‍റിന്‍റെ മാധ്യമപ്രവര്‍ത്തകയായ ഇഷാദ്രിത ലാഹിരിയാണ് ഉംപുന്‍ ചുഴലിക്കാറ്റിനെ തങ്ങള്‍ അതിജീവിച്ചതെങ്ങനെയെന്ന് കാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.

''നമ്മള്‍ ഐലയെന്ന ചുഴലിക്കാറ്റിനെ അതിജീവിച്ചു, ബുള്‍ബുള്‍ എന്ന കാറ്റിനെ അതിജീവിച്ചു. ഇനി വരാനിരിക്കുന്ന വിചിത്രമായി പേരുള്ള മറ്റൊരു ചുഴലിക്കാറ്റ് എത്രത്തോളം മോശമായിരിക്കും? സമൂഹത്തില്‍ ചില പ്രിവിലേജുകളോടെയൊക്കെ ജീവിക്കുന്ന, ഇതൊന്നും ബാധിക്കാനിടയില്ലാത്ത ഒരാളെന്ന നിലയില്‍ മെയ് 20 ന് വൈകുന്നേരം 6:45 വരെ ഇതുമാത്രമായിരുന്നു എന്റെ ചിന്ത.

കൊല്‍ക്കത്തയിലെ ഉന്നതകുലജാതര്‍ താമസിക്കുന്ന ഒരു ഫ്ലാറ്റിന്‍റെ 41ാമത്തെ നിലയിലാണ് ഞാനും കുടുംബവും താമസിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്കായി ഒരു ദുരന്തനിവാരണ ടീം തന്നെയുണ്ട്. കാറ്റടിക്കുംമുമ്പുതന്നെ പരിഭ്രാന്തി പ്രകടിപ്പിച്ച എന്‍റെ അമ്മയുള്‍പ്പെടെയുള്ളവരെ, എന്ത് സംഭവിക്കാനാണ് എന്ന് പറഞ്ഞ് ശകാരിക്കുകയാണ് ഞാന്‍ ചെയ്തത്.

പക്ഷേ, പെട്ടെന്ന് തന്നെ ഞാന്‍ യാഥാര്‍ഥ്യത്തിലേക്ക് വന്നു. മനോഹരമായ ആ മഴയും കാറ്റും എന്നെയും കുറേശേ പേടിപ്പിച്ചു തുടങ്ങി. അപ്പോഴേക്കും ഫ്ലാറ്റിലെ വൈദ്യുതിയും പാചകവാതക വിതരണവും കേബിളും എല്ലാം കട്ടായി. കാറ്റിന്‍റെ മുഴക്കം ജനാലയിലൂടെ ചെവിയിലേക്ക് അരിച്ചെത്തിത്തുടങ്ങി. കാറ്റ് കാരണം ജനല്‍ അടയ്ക്കാന്‍ പോലും പറ്റാതായി. താഴത്തെ നിലയില്‍ താമസിക്കുന്നവര്‍ അപ്പോഴേക്കും തങ്ങളുടെ പരിഭ്രാന്തികളുമായി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വന്നു തുടങ്ങി.. അവരുടെ ജനാലകളും വാതിലുകളും കാറ്റില്‍ പറന്നുപോകുന്നു എന്ന പരാതി വരെ ഗ്രൂപ്പില്‍ ഉയര്‍ന്നു... അതിനെയും ഞാന്‍ നിസാരവത്കരിച്ചു.. ജനാല പറന്നുപോകാനോ.. അത് അവര്‍ ജനാലകളുടെ കൊളുത്ത് ശരിക്ക് ഇടാത്തതുകൊണ്ടാകണം. അല്ലെങ്കില്‍ ആ വീട് നിര്‍മ്മിച്ചതില്‍ എന്തെങ്കിലും അപാകതകളുണ്ടാവും.. അല്ലാതെ ഇങ്ങനെയൊക്കെ സംഭവിക്കുമോ... എന്നാണ് അപ്പോഴും ഞാന്‍ ചിന്തിച്ചത്.

അപ്പോഴേക്കും സമയം വൈകീട്ട് 6.30 ആയി. കൊല്‍ക്കത്ത നഗരത്തെ പൂര്‍ണമായും കാറ്റ് വിഴുങ്ങിത്തുടങ്ങി. ഫ്ലാറ്റിലെ കറണ്ട് പോയി.. സാധാരണ ഞങ്ങളുടെ ഫ്ലാറ്റില്‍ കറണ്ടുപോകാറില്ല.. പക്ഷേ, അന്ന് സുരക്ഷാപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ജനറേറ്റര്‍ ഓഫ് ചെയ്യുകയായിരുന്നു.

എന്‍റെ അമ്മ ഞങ്ങളുടെ റൂമിലെ ജനാല അടയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. കാറ്റ് അകത്തേക്ക് കടന്ന് റൂമിലെ വാതില്‍ അടയാനും തുടങ്ങി. അതിനിടയ്ക്ക് അമ്മ റൂമിലെ വാതില്‍ തുറന്നിടാന്‍ ശ്രമിക്കുന്നുണ്ട്. ആ വാതില്‍ എങ്ങാനും അടഞ്ഞുപോയാല്‍ അമ്മ റൂമിനകത്ത് പെട്ടുപോകുമോ എന്ന് ഭയന്നു. ഞാന്‍ കണ്ട ചില സിനിമകളിലുള്ളതുപോലെ ഒരു കാറ്റിന് മനുഷ്യനെ ഇങ്ങനെ വീട്ടില്‍ ലോക്ക് ആക്കാന്‍ കഴിയുമെന്ന് തിരിച്ചറിയുകയായിരുന്നു ഞാന്‍.

ജനാല അടയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് അമ്മ റൂമിന് പുറത്തേക്ക് ഓടിവന്നു. അപ്പോഴേക്കും അമ്മയ്ക്ക് പിറകില്‍ റൂമിന്‍റെ വാതില്‍ അതിശക്തിയായി അടഞ്ഞു. സഹായത്തിനുള്ള സ്ത്രീയും അമ്മയും ഞാനും കൂടി വാതില്‍ തുറക്കാന്‍ കഴിയും പോലെ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. ജനാലയിലൂടെ അകത്തെത്തിയ കാറ്റ് ആ റൂമിനെ ആകെ താറുമാറാക്കുകയായിരുന്നു.

ആരെയെങ്കിലും സഹായത്തിന് വിളിച്ചാലോ എന്ന് ആലോചിച്ചു. പക്ഷേ, മൊബൈല്‍ നെറ്റ്‍വര്‍ക്കും ഇന്‍റര്‍നെറ്റ് കണക്ഷനും എന്തിന് ഇന്‍റെര്‍കോം വരെ കട്ടായിരുന്നു അപ്പോള്‍.

അമ്മ അയല്‍വാസികളെ ആരെയെങ്കിലും സഹായത്തിന് കിട്ടുമോ എന്നിറിയാനായി, പുറത്തേക്കുള്ള വാതില്‍ തുറക്കാനുള്ള ശ്രമത്തിലായിരുന്നു. കാറ്റിന്‍റെ ശക്തികൊണ്ട് അത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഒരു പത്തുമിനിറ്റ് ശ്രമത്തിനൊടുവില്‍ അമ്മയത് തുറന്നു. അയല്‍വാസിയെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍, കറണ്ട് പോയതിനാല്‍ കോളിംഗ് ബെല്‍ വര്‍ക്ക് ചെയ്യുന്നില്ല.. പക്ഷേ, എന്തോ ഭാഗ്യത്തിന് കാറ്റിന്‍റെ ഇരമ്പലിനിടയിലും അമ്മയുടെ ശബ്ദം അയല്‍വാസി കേട്ടു.

റൂമിന്‍റെ അടഞ്ഞുപോയ വാതില്‍ ഞങ്ങളെല്ലാവരും കൂടി ഒരുവിധത്തില്‍ തുറന്നു... ശേഷം ജനാല അടച്ചു.. ഇനി തുറന്നു പോകാതിരിക്കാന്‍ ഭാരമുള്ള വസ്തുക്കള്‍ വെച്ച്, ജനാല ഒന്നൂകൂടെ അടച്ചുവെച്ചു. അപ്പാര്‍ട്ടുമെന്‍റിലെ എല്ലാ ജനാലകളും ഞങ്ങള്‍ അതേപോലെ ഭാരമുളള വസ്തുക്കള്‍ വെച്ച് അടച്ചു. ഞാനും എന്റെ കുടുംബവും ശരിക്കും പേടിച്ചു. ഇത്തരമൊരു അവസ്ഥ ജീവിതത്തില്‍ നേരിടേണ്ടിവരുമെന്ന് അതുവരെ ചിന്തിച്ചിരുന്നില്ല.

ആ കാറ്റ് പുലര്‍ച്ചെ 3 മണിവരെ തുടര്‍ന്നു.. രാത്രി മുഴുവന്‍ കറണ്ട് ഉണ്ടായിരുന്നില്ല. കുടിവെള്ളവും കട്ട് ചെയ്തു. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഒന്നും പാചകം ചെയ്യാനും സാധിച്ചില്ല.. പക്ഷേ, എന്നാലും എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സുരക്ഷിതരായിരുന്നു.

ശരിക്കും ഭീതിജനകമായിരുന്നു ആ അനുഭവം. പക്ഷേ അതെന്നെ ചില പാഠങ്ങള്‍ പഠിപ്പിച്ചു. എനിക്കുള്ള അനേകം പ്രിവിലേജുകളൊന്നും ഇത്തരം ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ സഹായത്തിനെത്തില്ല എന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. ഞങ്ങളുടെ അത്രയൊന്നും സൌകര്യങ്ങളില്ലാത്ത, കുടുംബങ്ങള്‍ എങ്ങനെയായിരിക്കും ഈ അവസ്ഥയെ തരണം ചെയ്തത് എന്ന് ഞാനൊന്ന് വെറുതെ ഓര്‍ത്തുനോക്കി.''

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് ചുഴലിക്കാറ്റ് തീരംതൊടുമെന്ന് നേരത്തെ പ്രവചിക്കാനായതിനാലാണ് കെടുതി കുറക്കാനായതെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അവകാശപ്പെട്ടു.കൊൽക്കത്തയിൽ മാത്രം മരിച്ചവരുടെ എണ്ണം 19 ആയി. മരണ നിരക്കും നാശനഷ്ടങ്ങളും ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് .