LiveTV

Live

National

ഇതാ, ഇവിടിരുന്നാണ് ഈ മനുഷ്യന്‍ ഉംപുന്‍ ചുഴലിക്കാറ്റിനെ ആ രാത്രി മുഴുവന്‍ നേരിട്ടത്

മുനിസിപ്പാലിറ്റിയുടെ ചവറ്റുകുട്ടയില്‍ ആളുകള്‍ വലിച്ചെറിഞ്ഞിട്ടുപോയ ഉച്ഛിഷ്ഠമാണ് ആ സമയമത്രയും അയാള്‍ കഴിച്ചത്. അയാളുടെ കൂടെ ഒരു നായയും ഉണ്ടായിരുന്നു.

ഇതാ, ഇവിടിരുന്നാണ് ഈ മനുഷ്യന്‍ ഉംപുന്‍ ചുഴലിക്കാറ്റിനെ ആ രാത്രി മുഴുവന്‍ നേരിട്ടത്

ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിനെ ശരിക്കും തൂത്തെറിഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ ജീവനും ജീവനോപാധിയും നഷ്ടപ്പെട്ടു. ബംഗാളില്‍ മാത്രം 72 പേരാണ് സര്‍ക്കാര്‍ കണക്ക് പ്രകാരം മരിച്ചത്.

ജനങ്ങളെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചാണ് ബംഗാള്‍ ദുരിതത്തിന്‍റെ ആഴം കുറച്ചത്. പക്ഷേ, പശ്ചിമബംഗാളിലെ അസനോള്‍ സിറ്റിയിലെ റോഡരികിലുള്ള ഒരു മാലിന്യകുട്ടയുടെ സംരക്ഷണയിലാണ് ഒരു മനുഷ്യന്‍ ആ രാത്രി മുഴുവന്‍ കഴിച്ചു കൂട്ടിയത്. 21ാം തീയതി രാവിലെ ചില നാട്ടുകാര്‍ കാണുമ്പോഴും അതേ ചവറ്റുകുട്ടയില്‍ ഇരിപ്പായിരുന്നു അയാള്‍. ഇയാള്‍ മാനസികരോഗിയാണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിശദീകരണം.

മുനിസിപ്പാലിറ്റിയുടെ ചവറ്റുകുട്ടയില്‍ ആളുകള്‍ വലിച്ചെറിഞ്ഞിട്ടുപോയ ഉച്ഛിഷ്ഠമാണ് ആ സമയമത്രയും അയാള്‍ കഴിച്ചത്. അയാളുടെ കൂടെ ഒരു നായയും ഉണ്ടായിരുന്നു. രാവിലെ ഇയാളെ കണ്ടെത്തിയ നാട്ടുകാര്‍ അധികാരികളെ വിവരമറിയിക്കുകയായിരുന്നു.

''ഒരു ഭാഗത്തിരുന്ന് നായ ആ ചവറ്റുകുട്ടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു, മറുഭാഗത്തിരുന്ന് ഒരു മനുഷ്യനും. ഇതും ജീവിതമാണല്ലോ എന്ന് ഒരു നിമിഷത്തേക്ക് വിശ്വസിക്കാനായില്ല.. ഇവരെ കുറിച്ചും നമ്മള്‍ ചിന്തിക്കണം.. ഈ സമയങ്ങളില്‍ നമ്മളെത്രയെത്ര ഭക്ഷണം വിതരണം ചെയ്തു. പക്ഷേ, അതൊന്നും ഇങ്ങനത്തെ മനുഷ്യരിലേക്ക് എത്താതെ പോകുന്നു''വെന്ന് പറയുന്നു പ്രദേശവാസിയായ രാജേഷ് മിശ്ര.

''നമ്മളും മനുഷ്യരാണ്, അയാളും മനുഷ്യനാണ്.. അയാളെ ഈ അവസ്ഥയില്‍ ഇവിടെ കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. അദ്ദേഹത്തിന് വേണ്ടത് സ്നേഹവും പരിഗണനയുമാണ്.. അയാള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അയാളോട് സംസാരിച്ച് വേണ്ട കാര്യങ്ങള്‍ എന്തായാലും ഞങ്ങള്‍ ചെയ്യു''മെന്ന് പറയുന്നു പ്രദേശവാസിയായ മറ്റൊരാള്‍ അബു തലീം.

പ്രാദേശിക ഭരണനേതൃത്വത്തിന്‍റെ നേതൃത്വത്തിലാണ് അയാളെ ആ മാലിന്യകൂമ്പാരത്തില്‍ നിന്ന് പുറത്തെടുത്തത്. അയാള്‍ക്ക് ഭക്ഷണമെല്ലാം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ഷെല്‍ട്ടര്‍ ഹോമിലേക്ക് അയാളെ മാറ്റിത്താമസിപ്പിക്കാനുള്ള നടപടിക്രമങ്ങളിലാണ് അധികാരികള്‍.