LiveTV

Live

National

തെരുവുകച്ചവടക്കാരന്റെ 30,000 രൂപയുടെ മാമ്പഴം കൊള്ളയടിച്ച് ആള്‍ക്കൂട്ടം

പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ നടപടിയൊന്നുമെടുത്തില്ലെന്നാണ് തെരുവുകച്ചവടക്കാരനായ ചോട്ടെയുടെ നിസഹായത...

തെരുവുകച്ചവടക്കാരന്റെ 30,000 രൂപയുടെ മാമ്പഴം കൊള്ളയടിച്ച് ആള്‍ക്കൂട്ടം

കോവിഡിനേയും ലോക്ഡൗണിനേയും തുടര്‍ന്ന് പലവിധ പ്രതിസന്ധിയിലാണ് ലോകവും മനുഷ്യരും. ഇതിനിടെ തെരുവില്‍ മാമ്പഴം വില്‍ക്കുന്ന കച്ചവടക്കാരന്റെ മാമ്പഴങ്ങള്‍ മോഷ്ടിച്ചിരിക്കുകയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ആള്‍ക്കൂട്ടം. ഡല്‍ഹിയിലെ ജഗത്പുരിയില്‍ നിന്നാണ് ആള്‍കൂട്ടത്തിന്റെ നാണം കെട്ട മോഷണ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ആള്‍ക്കൂട്ടം കയ്യില്‍ കിട്ടിയ സാധനങ്ങളിലും വെറും കയ്യിലും മാമ്പഴങ്ങള്‍ പെറുക്കിയെടുത്ത് ഓടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

ഉത്തരഡല്‍ഹിയിലെ പഴകച്ചവടക്കാരനായ ചോട്ടെയാണ് ആള്‍ക്കൂട്ട മോഷണത്തിനിരിയായത്. പ്രദേശത്ത് ഒരു വഴക്കുണ്ടായതിന് പിന്നാലെയാണ് മോഷണം നടന്നത്. 30,000 രൂപയുടെ മാമ്പഴങ്ങള്‍ മോഷണം പോയെന്ന് ചോട്ടു പറയുന്നു.

'സ്‌കൂളിനടുത്തുവെച്ച് സംഘര്‍ഷമുണ്ടായി. കുറച്ച് പേര്‍ വന്ന് എന്നോട് തള്ളുവണ്ടി നീക്കിയിടാന്‍ പറഞ്ഞു. ഞാന്‍ തള്ളുവണ്ടിയുമായി മറ്റൊരു സ്ഥലത്തേക്ക് പോവുകയും ചെയ്തു. ഇതിനിടെ പഴയ സ്ഥലത്ത് പെട്ടികളിലാക്കി താഴെ വെച്ചിരുന്ന മാമ്പഴമാണ് മോഷ്ടിക്കപ്പെട്ടത്'
ചോട്ടു

തെരുവുകച്ചവടക്കാരന്‍ സ്ഥലത്തില്ലെന്ന് തിരിച്ചറിഞ്ഞ ആള്‍ക്കൂട്ടം ഒരു മടിയുമില്ലാതെ മാമ്പഴങ്ങള്‍ മോഷ്ടിച്ച് കൊണ്ടുപോവുകയായിരുന്നു. കയ്യിലും കവറുകളിലും ഹെല്‍മെറ്റിലും വരെ പലരും മാമ്പഴങ്ങളെടുത്ത് കൊണ്ടുപോയി. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മറ്റു ചിലര്‍ വീഡിയോ സോഷ്യല്‍ മീഡിയയിലിട്ടതോടെയാണ് വാര്‍ത്തയാകുന്നത്.

തള്ളുവണ്ടി ഇട്ട് തിരികെ വരുമ്പോഴേക്കും 15 പെട്ടി മാമ്പഴങ്ങള്‍ മോഷണം പോയെന്നാണ് ചോട്ടു പറയുന്നത്. സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ചോട്ടെ കൂട്ടിച്ചേര്‍ക്കുന്നു.