കനത്ത നാശം വിതച്ച് ഉംപുന്‍: ബംഗാളിലും ഒഡീഷയിലുമായി 14 മരണം
ഉച്ചയോടെ കാറ്റിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഉംപുന്‍ ചുഴലിക്കാറ്റിൽ 14 മരണം. ബംഗാളിൽ 12 ഉം ഒഡീഷയിൽ 2പേരുമാണ് മരിച്ചത്. മണിക്കൂറിൽ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഉംപൂൻ ബംഗാൾ തീരത്തെത്തിയത്. രാത്രി 7 മണിയോടെ കാറ്റിന്റെ തീവ്രത മണിക്കൂറിൽ 135 കിലോമീറ്ററിൽ എത്തി . കൊല്‍ക്കത്ത നഗരത്തിലാണ് കാറ്റ് വൻ നാശനഷ്ടം ഉണ്ടാക്കിയത്. ഇവിടെ വെള്ളപ്പൊക്കവും ഉണ്ടായി. നിരവധി വീടുകളും തകർന്നു. കൊൽക്കത്തയിൽ പലയിടങ്ങളിലും മരം കടപുഴകി വീണു ഗതാഗതവും തടസ്സപ്പെട്ടു.
ബംഗാൾ-ഒഡീഷ തീരപ്രദേശത്ത് ശക്തമായ മഴയാണ് ഇന്നലെ അനുഭവപ്പെട്ടത്. ഹൗറ ജില്ലയിലും നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയിലെ മിനഖന്‍ പ്രദേശത്തുമായാണ് രണ്ട് പേര് മരിച്ചത്. മരം ദേഹത്ത് വീണാണ് മിനഖയില്‍ 55 കാരി മരിച്ചത്. ഹൗറയില്‍ മേല്‍ക്കൂര തകര്‍ന്നു വീണ് 13 കാരിയും മരിച്ചു. മതിൽ ഇടിഞ്ഞ് വീണ് ഒഡീഷയിലും ഒരു സ്ത്രീ മരിച്ചു.
ഉപൂൻ ചുഴലിക്കാറ്റിൽ കൊൽക്കത്തയിലെ നോർത്ത് 24 പർഗനസിൽ 5500 വീടുകൾ തകർന്നു. ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിന് 130 കി.മീ ആയിരുന്ന വേഗത. ഇവിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. പലയിടത്തും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.
മുന്‍ കരുതലിന്റെ ഭാഗമായി ബംഗാളിൽ നിന്നും 5 ലക്ഷം പേരെയും ഒഡീഷയിൽ നിന്ന് ഒന്നര ലക്ഷം പേരെയും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിരുന്നു. ദുരന്തം നേരിടാൻ 57 യൂണിറ്റ് ദുരന്ത നിവാരണ സേനയാണ് നിയോഗിച്ചിട്ടുള്ളത്. നാവിക സേനയുടെ ഡ്രൈവർമാർ പ്രത്യേക സുരക്ഷ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പർഗാനസിലെ ഡയമണ്ട് ഹാർബറിൽ ഉണ്ട്.