LiveTV

Live

National

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഒരു ലക്ഷം കവിഞ്ഞു'; ആരോഗ്യ മന്ത്രാലയത്തിന്‍റെ വാര്‍ത്താ സമ്മേളനങ്ങള്‍ എവിടെ?

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഒരു ലക്ഷം കവിഞ്ഞു'; ആരോഗ്യ മന്ത്രാലയത്തിന്‍റെ വാര്‍ത്താ സമ്മേളനങ്ങള്‍ എവിടെ?

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഒരു ലക്ഷം കവിയുമ്പോള്‍ നിശബ്ദമായി ആരോഗ്യ മന്ത്രാലയ വകുപ്പ്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന പത്ര സമ്മേളനങ്ങള്‍ ഒന്നും തന്നെ നടത്താത്തതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്‍. രാജ്യത്ത് കോവിഡ് മരണനിരക്ക് 3435ല്‍ എത്തിനില്‍ക്കുകയും സംസ്ഥാനങ്ങളെല്ലാം ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിക്കുകയും ജനങ്ങളെല്ലാം കൂട്ടപലായനത്തിലാവുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ആരോഗ്യ മന്ത്രാലയം കടുത്ത നിശബ്ദത സൂക്ഷിക്കുന്നത്. മെയ് 11നാണ് ആരോഗ്യ മന്ത്രാലയം അവസാനമായി പത്രമാധ്യമങ്ങളെ കണ്ടത്.

ഏപ്രില്‍ 23 മുതല്‍ തന്നെ ആരോഗ്യ മന്ത്രാലയത്തിന്‍റെ പത്ര സമ്മേളനങ്ങള്‍ ഉപയോഗപ്രദമല്ലായെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ചൈനയില്‍ നിന്നുള്ള റാപിഡ് ടെസ്റ്റിങ് കിറ്റുകളുടെ വീഴ്ച്ച എന്നിവയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അടക്കമുള്ള സ്ഥാപനങ്ങളിലെ വിദഗ്ദര്‍ പത്ര സമ്മേളനങ്ങള്‍ ഉപേക്ഷിക്കുക വരെ ചെയ്തിരുന്നു. ഹെല്‍ത്ത് പോളിസിയുമായി ബന്ധപ്പെട്ട കടുത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിദഗ്ദരൊന്നുമില്ലാത്തതും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നതുമാണ് ചൊടിപ്പിച്ചത്. വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള പത്രസമ്മേളനങ്ങള്‍ കോവിഡ് പകര്‍ച്ചവ്യാധിയെ സര്‍ക്കാര്‍ നേരിടുന്നതെങ്ങനെയെന്ന വിവരങ്ങളും ചോദ്യോത്തരങ്ങളും പുറത്തെത്തിക്കാന്‍ സഹായിച്ചിരുന്നു. അതെ സമയം സര്‍ക്കാര്‍ ഭാഗത്ത് നിന്നുള്ള അശ്രദ്ധമായ ഡാറ്റ, ടെസ്റ്റിങ്, രോഗമുക്തി, പരീക്ഷണ മരുന്നുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മനസ്സിലാക്കുന്നതിന് അനലിസ്റ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.