LiveTV

Live

National

ക്ഷേത്ര ആശ്രമത്തിൽ യുവതികളെ ബന്ദിയാക്കി ബലാത്സംഗം ചെയ്തു; പൂജാരിമാർ അറസ്റ്റിൽ

കുറ്റകൃത്യം നടന്ന ആശ്രമവും ക്ഷേത്രവും ചരിത്രപ്രസിദ്ധമാണ്. വാൽമീകി മഹർഷി താമസിച്ചിരുന്നതും ശ്രീരാമന്റെ ഭാര്യ സീത ലവ, കുശ എന്നീ മക്കളെ പ്രസവിച്ചതും ഈ ആശ്രമത്തിലാണ് എന്നാണ് ഐതിഹ്യം.

ക്ഷേത്ര ആശ്രമത്തിൽ യുവതികളെ ബന്ദിയാക്കി ബലാത്സംഗം ചെയ്തു; പൂജാരിമാർ അറസ്റ്റിൽ

അമൃത്സറിലെ ഗ്യാൻനാഥ് ആശ്രമത്തിൽ രണ്ട് യുവതികളെ ബന്ദികളാക്കി തുടർച്ചയായി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പൂജാരികളെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. റാം തിരഥ് ക്ഷേത്രത്തിലെ മുതിർന്ന പൂജാരിമാരായ ഗിരിധർ നാഥ്, വരീന്ദർ നാഥ് എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെട്ട മറ്റ് പ്രതികളായ സുരാജ് നാഥ്, നഛാഠർ നാഥ് എന്നിവർക്കു വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ക്ഷേത്രം റെയ്ഡ് ചെയ്ത പൊലീസ് യുവതികളെ രക്ഷപ്പെടുത്തിയെന്ന് 'ദി ക്വിന്റ്' റിപ്പോർട്ട് ചെയ്തു.

പഞ്ചാബ് പട്ടികജാതി കമ്മീഷൻ അംഗം താർസെം സിങ് സിയാൽക്കയുടെ പരാതിയെ തുടർന്ന് ഗ്യാൻനാഥ് ആശ്രമത്തിൽ നടത്തിയ റെയ്ഡിലാണ് ബലാത്സംഗത്തിനിരയായ 40-ഉം 25-ഉം വയസ്സ് പ്രായമുള്ള സ്ത്രീകളെ കണ്ടെത്തിയതെന്നും പ്രതികളെ അറസ്റ്റ് ചെയ്തതെന്നും ഡി.സി.പി ഗുർപ്രതാപ് സിങ് സഹോട്ട പറഞ്ഞു. സുരാജ് നാഥ്, നഛാഠർ നാഥ് എന്നിവർ 25-കാരിയെ ബലാത്സംഗം ചെയ്തകാര്യം പരാതിപ്പെടാൻ ആശ്രമത്തിൽ ചെന്നപ്പോഴാണ് രണ്ട് വനിതകളെയും പിടിച്ചുവെക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തത്. 25-കാരിയുടെ ഫോൺ തട്ടിയെടുക്കുകയും തടങ്കലിലാക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഇരകളിൽ ഒരാൾ ആശ്രമത്തിലെ ഒരു മൊബൈൽ ഫോൺ കൈക്കലാക്കി കുടുംബത്തെ വിളിക്കച്ചതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. കുടുംബം പട്ടികജാതി കമ്മീഷനെ സമീപിക്കുകയും താർസെം സിങ് സിയൽക്ക പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. എസ്.പി അമൻദീപ് കൗർ, ഡി.എസ്.പി സഹോട്ട എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആശ്രമം റെയ്ഡ് ചെയ്തത്. തഹസിൽദാറുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്തവർക്കെതിരെ ഐ.പി.സി 376, 379, 506 വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു.

കുറ്റകൃത്യം നടന്ന ആശ്രമവും ക്ഷേത്രവും ചരിത്രപ്രസിദ്ധമാണ്. ഈ ആശ്രമത്തിലാണ് വാൽമീകി മഹർഷി താമസിച്ചിരുന്നതെന്നും ശ്രീരാമന്റെ ഭാര്യ സീത ലവ, കുശ എന്നീ മക്കളെ പ്രസവിച്ചത് ഇവിടെയായിരുന്നു എന്നും ഐതിഹ്യമുണ്ട്.